ഇന്‍ഡോര്‍: യൂ ട്യൂബില്‍ നിന്നും പ്രതിമാസം നാല് ലക്ഷം വരുമാനം നേടുന്ന കേന്ദ്രമന്ത്രിയായി നിതില്‍ ഗഡ്കരി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റോഡ് നിര്‍മാണ പ്രവര്‍ത്തികളുടെ ഉദ്ഘാടനത്തിന് എത്തിയ വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് കാലത്തെ തന്‍റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു മന്ത്രി.
ഓണ്‍ലൈന്‍ വഴിയായിരുന്നു മഹാമാരി കാലത്ത് താന്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തതും വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചിരുന്നതും. ഇത്തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഉപയോഗമാണ് പ്രതിമാസം നാല് ലക്ഷം രൂപ യൂ ട്യൂബില്‍ നിന്നും വരുമാനം നേടാന്‍ തന്നെ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡല്‍ഹി - മുംബൈ എക്‌സ്‌പ്രസ് വേയുടെ നിര്‍മാണ പുരോഗതി അദ്ദേഹം വിലയിരുത്തി. 1350 കിലോമീറ്ററാണ് ഇതിനുള്ളത്. പ്രധാനമന്ത്രിയുടെ ന്യൂ ഇന്ത്യ എന്ന ആശയത്തിന്‍റെ പ്രതിഫലനമാണ് എക്‌സ്പ്രസ് വേയുടെ നിര്‍മാണം വഴി സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 9,577 കോടി രൂപ മുതല്‍ മുടക്കില്‍ 34 റോഡ് നിര്‍മാണ പദ്ധതികളാണ് അദ്ദേഹം ഇന്‍ഡോറില്‍ ഉദ്ഘാടനം ചെയ്തത്.
കൂടുതല്‍ വായനക്ക്: യു.ഡി.എഫില്‍ നിന്നും കൂടുതൽ നേതാക്കൾ പുറത്ത് വരും. എ.വിജയരാഘവൻ