ഖഗാരിയ (ബിഹാര്‍) : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. ബിഹാറിലെ സമസ്‌തിപുര്‍ ഖഗാരിയ റെയില്‍ സെക്‌ടറിലാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. നാലുപേരടങ്ങിയ അക്രമിസംഘം മൊബൈല്‍ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത് തടയുന്നതിനിടെയാണ് 17 കാരനായ നയന്‍ കുമാറിനുനേരെ വെടിവയ്‌പ്പുണ്ടായത്.
മൊബൈലിനായി കടിപിടി, പിന്നീട് വെടിവയ്‌പ്പ് : ബഖ്‌രി സലോനയ്‌ക്കും ഇമ്‌ലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും ഇടയിലായാണ് സംഭവം. മൊബൈലില്‍ സംസാരിക്കുകയായിരുന്ന യുവാവിന്‍റെ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് അക്രമത്തിന് വഴിയൊരുങ്ങിയത്. ഫോണ്‍ വിട്ടുനല്‍കാതെ പ്രതിരോധിച്ച് നിലയുറപ്പിച്ച നയന്‍കുമാറിന് നേരെ ഒടുക്കം അക്രമി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ടതോടെ മറ്റ് യാത്രക്കാര്‍ പരിഭ്രാന്തരായതോടെ സംഘം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ട്രെയിനിലെ മറ്റ് യാത്രക്കാര്‍ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിച്ച് യുവാവ്: സമസ്‌തിപൂർ ജില്ലയിലെ റോസറയിലുള്ള ഫത്തേപൂർ ഗ്രാമ നിവാസിയാണ് പരിക്കേറ്റ യുവാവ്. വീട്ടില്‍ നിന്നും കിഷന്‍ഗഞ്ചിലേക്കുള്ള യാത്രയ്‌ക്കിടെയാണ് നയന്‍ കുമാറിനുനേരെ ആക്രമണമുണ്ടാകുന്നത്. ബഖ്‌രി സലോനയ്‌ക്കും ഇമ്‌ലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ച് നാലുപേരടങ്ങുന്ന സംഘം തന്നെ അക്രമിക്കാന്‍ ശ്രമിച്ചതായി നയന്‍ കുമാര്‍ പൊലീസിനെ അറിയിച്ചു.
മൊബൈല്‍ തട്ടിപ്പറിക്കുന്നത് പ്രതിരോധിച്ചതാണ് തനിക്ക് നേരെ വെടിയുതിര്‍ക്കാനുണ്ടായ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. അക്രമിസംഘത്തിലുണ്ടായിരുന്നവര്‍ ആരെല്ലാമാണെന്നും അവരുടെ യഥാര്‍ഥ ലക്ഷ്യം എന്താണെന്നുമുള്‍പ്പടെ കണ്ടെത്തുന്നതിനായി റെയില്‍വേ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.