ന്യൂഡല്‍ഹി: കശ്‌മീരി വിഘടനവാദി നേതാവ് യാസിന്‍ മാലിക്കിന്‍റെ ഹാജരാക്കുന്നതിലുണ്ടായ സുരക്ഷ വീഴ്‌ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. യാസിന്‍ മാലിക്കിനെ സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനിടെയുണ്ടായ സുരക്ഷ വീഴ്‌ചയില്‍ ഒരു ഡെപ്യൂട്ടി സൂപ്രണ്ട്, രണ്ട് അസിസ്റ്റന്‍റ് സൂപ്രണ്ടുമാര്‍, ഒരു ഹെഡ് വാർഡന്‍ ഉൾപ്പെടെ തിഹാര്‍ ജയിലിലെ നാല് ഉദ്യോഗസ്ഥരെയാണ് ഡല്‍ഹി ജയില്‍ അതോറിറ്റി സസ്‌പെന്‍ഡ് ചെയ്‌തത്. മാത്രമല്ല സംഭവത്തില്‍ പ്രിസണ്‍ വിഭാഗത്തിന്‍റെ ചുമതലയുള്ള ഡയറക്‌ടര്‍ ജനറല്‍ സഞ്ജയ് ബനിവാൾ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ഹാജരാക്കിയതിനെ ചൊല്ലി വാദപ്രതിവാദങ്ങള്‍: യാസിന്‍ മാലിക്കിന് ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയിലായിരുന്നു കോടതിവളപ്പിലേക്ക് കൊണ്ടുവന്നത്. ഇതോടെ തീവ്രവാദത്തിനുള്ള ധനസമാഹരണത്തിന് സഹായിച്ച കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന യാസിന്‍ മാലിക്കിനെ ഹാജരാക്കിയതിനെ ചൂണ്ടിക്കാണിച്ച് കോടതിയില്‍ വാദപ്രതിവാദങ്ങളും നടന്നിരുന്നു. മാലിക്കിനെ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ ഹാജരാക്കാന്‍ നിര്‍ദേശമുണ്ടായിരിക്കെ, നേരിട്ട് ഹാജരാക്കിയത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര സുരക്ഷ വീഴ്‌ചയായിരുന്നു ഇതില്‍ പ്രധാനമായും ഉയര്‍ന്നത്.
വാദം കേള്‍ക്കല്‍ ആരംഭിച്ചതോടെ അപകടസാധ്യതയുള്ള കുറ്റവാളികളെ അവരുടെ സാന്നിധ്യത്തില്‍ കേസ് വാദിക്കാൻ അനുവദിക്കാനാവില്ലെന്നും ഇതില്‍ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ജസ്‌റ്റിസ് സൂര്യകാന്ത്, ദിപങ്കർ ദത്ത എന്നിവരുടെ ബെഞ്ചിനെ അറിയിച്ചു. മാലിക്കിനോട് നേരിട്ട് കോടതിയിൽ ഹാജരാകാൻ സുപ്രീംകോടതി അനുമതിയോ ഉത്തരവോ നൽകിയിട്ടില്ലെന്ന് ബെഞ്ച് അറിയിച്ചു.
മാലിക്ക് എന്തിനെത്തി: ഇതോടെ മാലിക് മറ്റ് സാധാരണ കുറ്റവാളികളെ പോലെയല്ലെന്നും അതിനാൽ നടപടിയെടുക്കണമെന്നും തുഷാര്‍ മേത്ത യൂണിയൻ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അതേസമയം 1990ൽ ശ്രീനഗറിൽ നാല് ഐഎഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ കേസിലും 1989ൽ അന്നത്തെ കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയയെ തട്ടിക്കൊണ്ടുപോയ കേസിലും 2022 സെപ്തംബറിലുണ്ടായ ടാഡ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌ത് സിബിഐ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കുമ്പോഴാണ് ഉദ്യോഗസ്ഥര്‍ യാസിന്‍ മാലിക്കിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയത്.
ആരാണ് യാസിന്‍ മാലിക്ക്: തീവ്രവാദ ഫണ്ടിങ് കേസില്‍ യാസിന്‍ മാലിക്കിന് ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിക്കുന്നത്. ഇതേ കേസില്‍ യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് കോടതി 2022 മെയ് 19ന് വിധിച്ചിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരായി യുദ്ധം ചെയ്യല്‍, കശ്‌മീരിലെ സമാധാനത്തിന് വിഘാതം സൃഷ്‌ടിക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് യാസിന്‍ മാലിക്കിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. സ്പെഷ്യല്‍ എന്‍ഐഎ ജഡ്‌ജി പ്രവീണ്‍ സിങായിരുന്നു യാസിന്‍ മാലിക്കിന് ശിക്ഷ വിധിച്ചത്.
1966ല്‍ ജനിച്ച യാസിന്‍ മാലിക് യുവത്വം മുതല്‍ സ്വതന്ത്ര കശ്മീര്‍ വാദം മുന്നോട്ടുവയ്ക്കുകയും വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇത്തരം സംഘടനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്‌തു വന്നിരുന്നു. ഇതിന്‍റെ ഭാഗമായി ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) സംഘടനയുടെ നേതാവായി കശ്മീര്‍ വാലിയില്‍ വിഘടനവാദ സായുധ ആക്രമണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. എന്നാല്‍ 1994 ൽ മാലിക് അക്രമ മാര്‍ഗം ഉപേക്ഷിക്കുകയും കശ്മീരില്‍ സംഘർഷം പരിഹരിക്കാൻ സമാധാനപരമായ മാർഗങ്ങൾ സ്വീകരിക്കാന്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനിടെ താന്‍ മുമ്പ് ചെയ്ത ചില വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ മാലിക് അറസ്റ്റ് ചെയ്യപ്പെട്ടു. കേസിന്‍റെ ഭാഗമായി ക്രിമിനൽ ഗൂഢാലോചന ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ മാലിക് സമ്മതിക്കുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു.
Also Read: തീവ്രവാദ ഫണ്ടിങ് കേസ് : യാസിന്‍ മാലിക്കിന് ജീവപര്യന്തം കഠിന തടവ്