സഹാറന്‍പൂര്‍ : ഉത്തര്‍പ്രദേശിലെ സഹാറന്‍പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭീം ആര്‍മി സ്ഥാപക നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിക്കാന്‍ ഇന്ത്യയുടെ രാജ്യാന്തര ഗുസ്തി താരങ്ങളായ സാക്ഷി മാലിക്കും ബജ്രംഗ് പൂനിയയുമെത്തിയത് കൗതുകമായി. ചന്ദ്രശേഖര്‍ ആസാദിനു നേരെയുണ്ടായ അക്രമത്തെ ഇരുവരും അപലപിച്ചു.അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടു.
സമൂഹ പരിഷ്കരണത്തിനു വേണ്ടി നിലകൊള്ളുന്ന നേതാവാണ് ചന്ദ്രശേഖര്‍ ആസാദെന്നും അദ്ദേഹത്തിനെതിരായ ആക്രമണത്തെ ജാതീയതയുമായി ബന്ധപ്പെടുത്തി കാണുന്നത് നിന്ദനീയമാണെന്നും സന്ദര്‍ശനത്തിനു ശേഷം ബജ്രംഗ് പൂനിയ പ്രതികരിച്ചു.അക്രമത്തിനു പിന്നില്‍ എന്താണെന്ന് തനിക്കറിയില്ല. പക്ഷേ ചന്ദ്രശേഖര്‍ ആസാദിനു നേരെ നടന്ന അക്രമം തെറ്റാണെന്ന് സാക്ഷി മാലിക്കും പ്രതികരിച്ചു.കുറ്റക്കാര്‍ക്ക് എത്രയും വേഗം അര്‍ഹിക്കുന്ന ശിക്ഷ കിട്ടണമെന്നും സാക്ഷി മാലിക്ക് ആവശ്യപ്പെട്ടു.
ആറ് വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ പീഡന പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രക്ഷോഭ രംഗത്തായിരുന്ന സാക്ഷി മാലിക്കും ബജ്രംഗ് പൂനിയയുമടക്കമുള്ളവര്‍ ഭീം ആര്‍മി അധ്യക്ഷനെ സന്ദര്‍ശിക്കാനെത്തിയതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയുണ്ട്.ഗുസ്തി താരങ്ങള്‍ നടത്തിയ ദിവസങ്ങളോളം നീണ്ട പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയവരില്‍ പ്രധാനിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
ബുധനാഴ്ച രാത്രിയാണ് കാറിലെത്തിയ അജ്ഞാത സംഘം ഭീം ആര്‍മി സ്ഥാപകന്‍ ചന്ദ്രശേഖര്‍ ആസാദിനു നേരെ ആക്രമണം നടത്തിയത്. ഒരു അനുയായിയുടെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച എസ് യുവിക്കു നേരെ തൊട്ട് വലതു ഭാഗത്ത് എത്തി കാറിലിരുന്ന് അക്രമികള്‍ നിറയൊഴിക്കുകയായിരുന്നു.നാല് റൗണ്ട് വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു.പൊടുന്നനെയുണ്ടായ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് ആസാദ് രക്ഷപ്പെട്ടത്. വെടിയുണ്ടകളിലൊന്ന് അദ്ദേഹത്തിന്‍റെ വയറ്റിലാണ് തറച്ചു കയറിയത്. ഉടനെ അദ്ദേഹത്തെ ആസുപത്രിയിലേക്ക് മാറ്റുകയായയിരുന്നു.
ഹരിയാന രജിസ്ട്രേഷന്‍ നമ്പറുള്ള കാറിലാണ് അക്രമി സംഘം എത്തിയതെന്നാണ് പോലീസിന്‍റെ അനുമാനം.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള നേതാക്കള്‍ ആസാദിനെതിരായ അക്രമത്തെ അപലപിച്ചു. ആശുപത്രിയില്‍ ഐ സി യു വില്‍ ചികില്‍സയില്‍ കഴിയുന്ന ചന്ദ്രശേഖര്‍ ആസാദിനെ സന്ദര്‍ശിക്കാൻ നിരവധി പ്രതിപക്ഷ നേതാക്കള്‍ സഹാറന്‍പൂരിലെത്തിയിരുന്നു. ചന്ദ്രശേഖര്‍ ആസാദിനു നേരെ നടന്ന അക്രമം ആസൂത്രിതമാണെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഭീം ആര്‍മി നേതാക്കള്‍ പ്രതികരിച്ചു.
അതിനിടെ അണികളോട് സംയമനം പാലിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ് ആഹ്വാനം ചെയ്തു. ഉത്തർ പ്രദേശിൽ ക്രമസമാധാനനില തകർന്നതിൻ്റെ സൂചനയായി വേണം ചന്ദ്ര ശേഖർ ആസാദിനെതിരായ ആക്രമണത്തെ കാണാനെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. ഭീം ആർമി നേതാക്കൾക്ക് സെഡ് പ്ലസ് സുരക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. 2020 മാര്‍ച്ചിലാണ് ചന്ദ്രശേഖര്‍ ആസാദ് ഭീം ആർമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിക്ക് രൂപം നല്‍കിയത്.