ഭോപ്പാൽ: തനിക്ക് ലഭിച്ച രണ്ട് മാസത്തെ വൈദ്യുതി ബിൽ കണ്ട് ഷോക്കടിച്ച അവസ്ഥയിലാണ് മധ്യപ്രദേശിലെ രാം ഭായ് പ്രജാപതി എന്ന വയോധിക. ഒരു ലൈറ്റും, ഒരു ടേബിൾ ഫാനുമുള്ള ഒറ്റമുറി കുടിലിൽ താമസിക്കുന്ന രാം ഭായിക്ക് 2.5 ലക്ഷം രുപയുടെ വൈദ്യുതി ബില്ലാണ് ഇലക്ട്രിസിറ്റി ബോർഡ് നൽകിയിരിക്കുന്നത്.
64 വയസുകാരിയായ രാം ഭായ് വർഷങ്ങളായി ഈ ഒറ്റമുറി കുടിലിലാണ് താമസിച്ചുവരുന്നത്. സാധാരണ 500 രൂപ വരെയാണ് രണ്ട് മാസത്തെ വൈദ്യുത ബില്ലായി രാം ഭായിക്ക് ലഭിച്ചുകൊണ്ടിരുന്നത്. എന്നാൽ ലോക്ക്ഡൗണ്‍ ആയതിനാൽ കഴിഞ്ഞ രണ്ട് മാസത്തെ ബിൽ അടക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല.
ALSO READ: പത്തൊന്‍പതുകാരിയെ ക്രൂരമായി മർദിച്ച് പിതാവും സഹോദരങ്ങളും
അതിന് ശേഷമാണ് രാം ഭായിയെ ഞെട്ടിച്ചു കൊണ്ട് രണ്ടര ലക്ഷം രുപയുടെ ബിൽ ഇലക്ട്രിസിറ്റി ബോർഡ് നൽകിയത്. ഇതിനെ തുടർന്ന് കഴിഞ്ഞ ഏഴ് ദിവസമായി ഇലക്ട്രിസിറ്റി ഓഫീസ് കയറിയിറങ്ങുന്നുണ്ടെങ്കിലും കൃത്യമായൊരു മറുപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ജില്ലാ കലക്‌ടർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ ഒരു നടപടിഉണ്ടായിട്ടില്ലെന്നും രാം ഭായ് പറയുന്നു.