ന്യൂഡല്‍ഹി : കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ യുവതി അടക്കം ആറ് പേര്‍ പൊലീസ് പിടിയിലായി. രോഹിണി ജില്ലയിലെ റിതാലയില്‍ താമസിക്കുന്ന പ്രദീപിനെയാണ് (35) അഞ്ചംഗ സംഘം വധിച്ചത്. പ്രദീപിന്‍റെ ഭാര്യ സീമ, റിങ്കു പൻവാർ (22), സൗരഭ് ചൗധരി (23), പ്രശാന്ത് (22), പർവീന്ദർ (23), വിഷൻ കുമാർ (18) എന്നിവരാണ് അറസ്റ്റിലായത്.
സീമയും കാമുകനായ ഗൗരവ് തിയോടിയയുമായി വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ക്ഷീര കര്‍ഷകനായ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം താമസിക്കാന്‍ തീരുമാനിച്ച സീമ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഭര്‍ത്താവിനെ കൊല്ലാന്‍ അഞ്ച് യുവാക്കള്‍ക്ക് നാല് ലക്ഷം രൂപ വീതമാണ് സീമ നല്‍കിയത്.
ക്വട്ടേഷന്‍ ഏറ്റെടുത്ത തിങ്കളാഴ്ച രോഹിണിയിലെ ഹെലിപോര്‍ട്ട് റോഡില്‍ വച്ച് പ്രദീപിനെതിരെ നിറയൊഴിച്ചു. അതുവഴി വന്ന യാത്രക്കാരാണ് പ്രദീപ് വെടിയേറ്റ് കിടക്കുന്ന കാര്യം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി ഇയാളെ ബാബാ സാഹിബ് അംബേദ്കർ ഹോസ്പിറ്റൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഭവം പുറത്തുവന്നത്.
കേസില്‍ പ്രദീപിന്‍റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭാര്യയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ഇതോടെ മൊബൈല്‍ ഫോണ്‍ അടക്കം കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയ പൊലീസ് ഡിയോലി ഖാൻപൂർ, സുൽത്താൻപുരി, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളില്‍ പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി കണ്ടെത്തി.
ഇവിടെ എത്തിപൊലീസ് കൊലയാളികളെ കസ്റ്റഡിയില്‍ എടുത്തു. പ്രതികളില്‍ നിന്നും തോക്കുകളും, വെടിയുണ്ടകളും മറ്റ് ആയുധങ്ങളും, രണ്ട് ബൈക്കുകളും മൊബൈല്‍ ഫോണുകളും പൊലീസ് കണ്ടെത്തി.