കാണ്‍പൂര്‍: ഭര്‍ത്താവിന്‍റെ മൃതദേഹം ഒന്നരവര്‍ഷത്തോളം വീട്ടില്‍ സൂക്ഷിച്ച് ഭാര്യ. യുപിയിലെ കാണ്‍പൂരിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. സര്‍ക്കാര്‍ മെഡിക്കല്‍ സംഘമാണ് ഈ കാര്യം കണ്ടെത്തിയത്. ആദായ നികുതി ഉദ്യോഗസ്ഥനായ വിമലേഷ് കുമാറിന്‍റെ മൃദദേഹമാണ് ഇത്തരത്തില്‍ ഒന്നരവര്‍ഷത്തോളം ഭാര്യ സൂക്ഷിച്ചത്.
കൊവിഡിനെ തുടര്‍ന്നാണ് വിമലേഷ് കുമാര്‍ അവധിയെടുക്കുന്നത്. മാസങ്ങളായി വിമലേഷ് കുമാര്‍ ജോലിക്ക് ഹാജരാവാതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ജില്ല മെഡിക്കല്‍ സംഘം വിമലേഷ് കുമാറിന്‍റെ വീട്ടില്‍ വരുന്നതും ഞെട്ടിക്കുന്ന വസ്‌തുത കണ്ടെത്തിയതും. വിമലേഷിന്‍റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് വിമലേഷ് കുമാര്‍ മരണപ്പെട്ടെന്ന് കാണിക്കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥ സംഘം കണ്ടെത്തി. എന്നാല്‍ വിമലേഷ് കുമാര്‍ മരണപ്പെട്ടെന്ന് ഭാര്യ വിശ്വസിച്ചില്ല. തന്‍റെ ഭര്‍ത്താവ് കോമയിലാണെന്ന് അവര്‍ വിശ്വസിച്ചു.
എല്ലാ ദിവസവും ഗംഗാജലം ഭാര്യ വിമലേഷിന്‍റെ മൃതദേഹത്തില്‍ ഒഴിച്ചു. കോമയില്‍ നിന്ന് പുറത്ത് വരാന്‍ ഇതിലൂടെ വിമലേഷിന് സാധിക്കുമെന്നാണ് അവര്‍ കരുതി. അയല്‍വാസികളോടും വിമലേഷ് കോമയിലാണെന്നാണ് ഭാര്യ പറഞ്ഞിരുന്നത്. വിമലേഷിന്‍റെ വീട്ടിലേക്ക് ഓക്‌സിജന്‍ സിലണ്ടര്‍ കൊണ്ടുപോകുന്നത് പലപ്പോഴും കാണാറുണ്ടായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു.
ഭാര്യയ്‌ക്ക് മാനസിക അസ്വസ്ഥ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.