മുംബൈ: ഉത്തര്‍പ്രദേശില്‍ മുസ്ലീം കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ശിവസേന നേതാവ് സഞ്ചയ് റാവത്ത്. ക്ഷേത്രത്തില്‍ നിന്നും വെള്ളം കുടിച്ച കുട്ടിയെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഇതാണൊ നിങ്ങളുടെ രാമരാജ്യം എന്ന ചോദ്യവുമായി സഞ്ചയ് റാവത്ത് രംഗത്തെത്തിയത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഇന്ത്യയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലാണ് രാമക്ഷേത്രം വരാന്‍ പോകുന്ന പുണ്യഭൂമിയില്‍ തന്നെ ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നതിനെ റാവത്ത് നിശിതമായി വിമര്‍ശിച്ചത്.
പശ്ചിമ ബംഗാളിൽ മമത ബാനർജിയെ ഹിന്ദു വിരുദ്ധര്‍ എന്ന് വിളിക്കുന്നു എന്നാല്‍ കൊച്ചു കുഞ്ഞിന് വെള്ളം നിഷേധിക്കുന്നതും മര്‍ദിക്കുന്നതും ഹിന്ദു വിരുദ്ധം തന്നെയാണ്. പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ഇക്കാര്യം സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എതിര്‍ക്കുന്നത് പാക്കിസ്ഥാനെയാണെന്നും മുസ്ലീങ്ങളെ അല്ലെന്നും സഞ്ചയ് റാവത്ത് പറഞ്ഞു.