ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ട് റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) അധ്യക്ഷന്‍ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ സമരവും പ്രതിഷേധവും ഉയരുന്നതിനിടെ അദ്ദേഹത്തിന്‍റെ വീഡിയോ പുറത്ത്. താന്‍ നിസഹായനാണെന്ന് തോന്നുന്ന ദിവസം മരണത്തെ ആശ്ലേഷിക്കുമെന്നാണ് ബ്രിജ് ഭൂഷണ്‍ വീഡിയോയില്‍ പറയുന്നത്. ബിജെപി എംപി കൂടിയാണ് ബ്രിജ് ഭൂഷൺ സിങ്.
'സുഹൃത്തുക്കളേ, ഞാൻ നേടിയതോ എനിക്ക് നഷ്‌ടപ്പെട്ടതോ ആയ കാര്യങ്ങളെക്കുറിച്ച് ഞാൻ ആത്മപരിശോധന നടത്തും, ഇനി പോരാടാനുള്ള ശക്തി എനിക്കില്ലെന്ന് തോന്നുന്ന ദിവസം, എനിക്ക് നിസഹായത അനുഭവപ്പെടുന്ന ദിവസം, അങ്ങനെ ഒരു ജീവിതം നയിക്കില്ല എന്നതിനാൽ ഞാൻ മരണം ആഗ്രഹിക്കുന്നു. അത്തരമൊരു ജീവിതം നയിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ മരണം എന്നെ ആലിംഗനം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു' -ബ്രിജ് ഭൂഷൺ വീഡിയോയിൽ പറഞ്ഞു.
ഗുസ്‌തി താരങ്ങള്‍ക്ക് പിടി ഉഷയുടെ വിമര്‍ശനം: അതേസമയം, ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റിനെതിരെ തെരുവിലിറങ്ങുന്നതിന് പകരം ഗുസ്‌തി താരങ്ങള്‍ അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നുവെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പിടി ഉഷ പറഞ്ഞു. 'ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) ഒരു കമ്മിറ്റിയുണ്ട്. തെരുവിലിറങ്ങുന്നതിന് പകരം അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാമായിരുന്നു. പക്ഷേ അവർ വന്നില്ല. കായിക മേഖലക്ക് ഇത് നല്ലതല്ല. അവർ കുറച്ച് അച്ചടക്കം കാണിക്കണമായിരുന്നു' -പി ടി ഉഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാല്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റിന്‍റെ പ്രസ്‌താവന നിര്‍വികാരപരമെന്ന് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍ പ്രതികരിച്ചു. 'ഒരു വനിത അത്‌ലറ്റ് എന്ന നിലയില്‍ പിടി ഉഷ മറ്റ് വനിത അത്‌ലറ്റുകളെ ശ്രദ്ധിക്കുന്നില്ല. ഞങ്ങൾ കുട്ടിക്കാലം മുതൽ അവരെ പിന്തുടരുന്നവരാണ്. അവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു. ഇവിടെ എവിടെയാണ് അച്ചടക്കമില്ലായ്‌മ? ഞങ്ങൾ സമാധാനപരമായ ഒരു പ്രതിഷേധം നടത്തുന്നു' -കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് സാക്ഷി മാലിക് പറഞ്ഞു.
പ്രതിഷേധത്തെ പിന്തുണച്ച് അഭിനവ് ബിന്ദ്ര: ഒളിമ്പ്യന്‍ അഭിനവ് ബിന്ദ്ര ഗുസ്‌തി താരങ്ങളെ പിന്തുണച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. 'അത്‌ലറ്റുകളെന്ന നിലയിൽ, അന്താരാഷ്ട്ര വേദിയിൽ നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞങ്ങൾ എല്ലാ ദിവസവും കഠിനമായി പരിശീലിക്കുന്നു. ഇന്ത്യൻ ഗുസ്‌തി അസോസിയേഷനിലെ പീഡന ആരോപണങ്ങളിൽ നമ്മുടെ അത്‌ലറ്റുകൾ തെരുവിൽ പ്രതിഷേധിക്കുന്നത് കാണുന്നത് വളരെയധികം ആശങ്കാജനകമാണ്' -ബിന്ദ്ര ട്വീറ്റ് ചെയ്‌തു.
'ബാധിക്കപ്പെട്ട എല്ലാവരെയും എന്‍റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്നു. കായികതാരങ്ങളുടെ ആശങ്കകൾ ന്യായമായും സ്വതന്ത്രമായും കേൾക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്‌തുകൊണ്ട് ഈ പ്രശ്‌നം ശരിയായി കൈകാര്യം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കണം. പീഡനം തടയാൻ കഴിയുന്ന ശരിയായ ഒരു സംരക്ഷണ സംവിധാനത്തിന്‍റെ ആവശ്യകതയെ ഈ സംഭവം എടുത്തുകാണിക്കുന്നു. ബാധിക്കപ്പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുക. എല്ലാ കായികതാരങ്ങൾക്കും ലക്ഷ്യം നേടുന്നതിനുള്ള സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിനായി നാം പ്രവർത്തിക്കണം' -അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിഷേധം അഞ്ചാം ദിവസം: ഡല്‍ഹി ജന്തര്‍ മന്തര്‍ പരിസരത്ത് കഴിഞ്ഞ അഞ്ച് ദിവസമായി പ്രതിഷേധത്തിലാണ് ഗുസ്‌തി താരങ്ങള്‍. താരങ്ങള്‍ പരിശീലനം നടത്തുന്നതും ഉറങ്ങുന്നതുമെല്ലാം ഇവിടെ തന്നെയാണ്. ബുധനാഴ്‌ച പ്രതിഷേധക്കാര്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. വിനേഷ് ഫോഗട്ട്, ബജ്‌രംഗ് പുനിയ, സാക്ഷി മാലിക് എന്നിവർ പ്രകടനത്തില്‍ പങ്കെടുത്തിരുന്നു.
'ഞങ്ങളുടെ മൻ കി ബാത്ത് കേൾക്കാൻ ഞങ്ങൾ പ്രധാനമന്ത്രി മോദിയോട് അഭ്യർഥിക്കുന്നു. സ്‌മൃതി ഇറാനി ജി പോലും ഞങ്ങൾ പറയുന്നത് ശ്രദ്ധിക്കുന്നില്ല. ഈ മെഴുകുതിരി പ്രകടനത്തിലൂടെ അവർക്ക് വെളിച്ചം കാണിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്' -പ്രകടനത്തെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ച സാക്ഷി മാലിക് പറഞ്ഞു. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയിട്ടും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു. വിഷയത്തില്‍ തങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചതായും സുപ്രീം കോടതിയില്‍ നിന്ന് തങ്ങള്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സാക്ഷി പറഞ്ഞു.
ലൈംഗികാതിക്രമ ആരോപണത്തിൽ ഡബ്ല്യുഎഫ്‌ഐ അധ്യക്ഷൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം വേണമെന്ന് ഡൽഹി പൊലീസ് ബുധനാഴ്‌ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണം ആവശ്യമായ ചില സാഹചര്യം ഉണ്ടെന്ന് തങ്ങള്‍ക്ക് തോന്നിയെന്നാണ് ഡൽഹി പൊലീസിന്‍റെ വാദം. എന്നാൽ, കോടതി നിർദേശിച്ചാൽ ഉടൻ എഫ്‌ഐആർ ഫയൽ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
കേസ് ഇന്ന് സുപ്രീം കോടതിയില്‍: അതേസമയം ഗുസ്‌തി താരങ്ങളുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഡബ്ല്യുഎഫ്‌ഐ പ്രസിഡന്‍റ് ബ്രിജ് ഭൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ഗുസ്‌തി താരങ്ങളുടെ ഹർജിയിൽ ചൊവ്വാഴ്‌ച സുപ്രീം കോടതി ഡൽഹി പൊലീസിന് നോട്ടിസ് നല്‍കിയിരുന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഗുസ്‌തി താരങ്ങളുടെ ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ബ്രിജ് ഭൂഷൺ സിങ്ങിനും മറ്റുള്ളവർക്കുമെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ കേന്ദ്ര കായിക മന്ത്രാലയം ഒരു മേൽനോട്ട സമിതി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഒളിമ്പ്യൻ മേരി കോമിന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് ആരോപണങ്ങൾ അന്വേഷിച്ച് മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.