പൂനെ: വിഖ്യാത ബോളിവുഡ് നടനും മറാത്തി സിനിമ നാടകരംഗത്തെ നിറസാന്നിധ്യവുമായ വിക്രം ഗോഖലെ (77) അന്തരിച്ചു. ഇന്ന് ഉച്ചക്ക് പൂനെയിലെ ദീനനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.
മറാത്തി നാടകവേദികളെയും സിനിമയെയും ഉന്നതികളിലെത്തിച്ച ചന്ദ്രകാന്ത് ഗോഖലെയുടെ മകനാണ് വിക്രം ഗോഖലെ. ബോളിവുഡിലെ മികച്ച സംവിധായകരിലൊരാളായ സഞ്ജയ് ലീല ബന്‍സാലിയുടെ 'ഹം ദില്‍ ദേ ചുകേ സനം' (1999) എന്ന റൊമാന്‍റിക് ചിത്രത്തില്‍ ഐശ്വര്യ റായിയുടെ സംഗീതഞ്ജനായ അച്ഛനായി വിക്രം ഗോഖലെ എത്തിയിരുന്നു. 2001 ല്‍ പുറത്തിറങ്ങിയ കമല്‍ ഹാസന്‍റെ 'ഹേ റാം' എന്ന ചിത്രത്തിലും അദ്ദേഹമെത്തി.
2007 ല്‍ റിലീസായ ആചാര്യ യഗ്യപ്രകാശ് ഭാര്‍തിയുടെ 'ഭൂല്‍ ഭുലയ്യ'യിലും, പ്രയദര്‍ശന്‍റേതായി 2009 ല്‍ പുറത്തിറങ്ങിയ ദേ ദനാ ദന്നിലും തുടങ്ങി ബോളിവുഡിന് ഒഴിച്ചുകൂടാനാകാത്ത നടനായി അദ്ദേഹം മാറി. 2010 ല്‍ മറാത്തി സിനിമയായ ആഘാതിലൂടെ അദ്ദേഹം സംവിധായകന്‍റെ കുപ്പായവുമണിഞ്ഞു. അദ്ദേഹത്തിന്‍റെ തന്നെ ചിത്രമായ അനുമതിയയിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡും വിക്രം ഗോഖലെ സ്വന്തമാക്കി.
നാടകരംഗത്തെ അതുല്യ സംഭാവനകള്‍ക്ക് 2011 ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.