ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഒഴിവുള്ള സർക്കാർ തസ്‌തികകളിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത് കാര്യക്ഷമമാക്കാൻ പ്രത്യേക റിക്രൂട്ട്‌മെന്‍റ് കമ്മിഷൻ രൂപീകരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര.
നിശ്ചിത തീയതിക്കകം പരീക്ഷകൾ നടത്തി ഫലം പ്രഖ്യാപിക്കുമെന്ന് ഉറപ്പാക്കാൻ ടൈംടേബിൾ തയാറാക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളുമായി നടത്തിയ സംഭാഷണത്തിനിടയിലാണ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്‌താവന.
സംസ്ഥാനത്തെ ഭരണപക്ഷമായ ബിജെപി ജനങ്ങളുടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യുന്നില്ലെന്നും പ്രതിപക്ഷ പാർട്ടികൾ ജാതി രാഷ്‌ട്രീയം കളിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാർട്ടികൾ ജനങ്ങളെ പ്രധാന വിഷയങ്ങളിൽ നിന്ന് വഴിതിരിച്ചുവിടുകയാണ്. ബിജെപി തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാൻ തയാറാകുന്നില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.