വാഷിങ്ടൺ : ആശങ്കാജനകമായ വിഷയങ്ങളിൽ ഇന്ത്യയും (India) പാകിസ്ഥാനും (Pakistan) തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്ക. 'ഞങ്ങൾ പണ്ടേ പറഞ്ഞതുപോലെ, ആശങ്കാജനകമായ വിഷയങ്ങളിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നേരിട്ടുള്ള സംഭാഷണത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. അത് ഏറെ കാലമായുള്ള ഞങ്ങളുടെ നിലപാടാണ്' - സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ (State Department Spokesperson Matthew Miller) മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്ത്യയുമായി സംസാരിക്കാൻ തയ്യാറാണ്' എന്ന പാക് പ്രധാനമന്ത്രിയുടെ സമീപകാല പ്രസ്‌താവനയെക്കുറിച്ച് ചോദ്യം ഉയർന്നതിന് പിന്നാലെയായിരുന്നു പ്രതികരണം. തിങ്കളാഴ്‌ച ഇസ്ലാമാബാദിൽ നടന്ന മിനറൽ സമ്മിറ്റിന്‍റെ (ധാതു ഉച്ചകോടി) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ഇന്ത്യയുമായി ആശയവിനിമയത്തിന് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞത്.
'അയല്‍ക്കാരുമായി സംസാരിക്കാന്‍ തയ്യാര്‍' : പരസ്‌പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ലെന്നും രാഷ്ട്രം കെട്ടിപ്പടുക്കാൻ അയൽക്കാരുമായി സംസാരിക്കാൻ തയ്യാറാണെന്നുമായിരുന്നു ഷെഹ്ബാസ് ഷെരീഫിന്‍റെ (pakistan prime minister Shehbaz Sharif) പ്രസ്‌താവന. 'ഗൗരവമായ കാര്യങ്ങളിൽ ഞങ്ങൾ അവരോട് സംസാരിക്കാൻ തയ്യാറാണ്. കാരണം യുദ്ധം തെരഞ്ഞെടുക്കാനാവില്ല. പാകിസ്ഥാൻ ഒരു ആണവശക്തിയാണ്, ആക്രമണകാരി എന്ന നിലയിലല്ല, മറിച്ച് പ്രതിരോധ ആവശ്യങ്ങൾക്കാണത്. 75 വർഷത്തിനിടെ ഞങ്ങൾ മൂന്ന് യുദ്ധങ്ങൾ നടത്തി. ഇത് കൂടുതൽ ദാരിദ്ര്യം (poverty), തൊഴിലില്ലായ്‌മ (unemployment) എന്നിവ സൃഷ്ടിക്കുകയാണ് ചെയ്‌തത്. സാമ്പത്തികം (finance), വിദ്യാഭ്യാസം (education), ആരോഗ്യം (health), ജനങ്ങളുടെ ക്ഷേമം (well-being of the people) എന്നിവയ്ക്കുള്ള വിഭവങ്ങളുടെ അഭാവമുണ്ടാക്കുകയുമാണ് ചെയ്‌തത്' - ഷെഹ്‌ബാസ് ഷെരീഫ് പറഞ്ഞു.
കശ്‌മീർ പോലെയുള്ള ഗൗരവമേറിയ വിഷയങ്ങൾ പരിഹരിക്കാൻ ആത്മാർഥമായ ചർച്ചകൾ നടത്താം എന്നതാണ് ഇന്ത്യൻ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും താൻ നൽകുന്ന സന്ദേശം. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനുപകരം പരസ്‌പരം വഴക്കിട്ട് സമയവും വിഭവങ്ങളും പാഴാക്കുകയാണ്. ഇന്ത്യയുമായി സമാധാനത്തിൽ ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ആണവ ആക്രമണങ്ങള്‍ ഉണ്ടായാല്‍, എന്താണ് സംഭവിച്ചതെന്ന് പറയാൻ ആരാണ് ജീവനോടെയുണ്ടാവുക ? അതിനാൽ യുദ്ധം തെരഞ്ഞെടുക്കാനാകില്ല. അസ്വാഭാവികതകൾ നീക്കി ഗൗരവമേറിയ വിഷയങ്ങൾ സമാധാനപരമായും അർഥപൂർണവുമായ ചർച്ചകളിലൂടെ മനസ്സിലാക്കി അഭിസംബോധന ചെയ്യുന്നില്ലെങ്കിൽ ഇരു രാജ്യങ്ങൾക്കും സാധാരണ അയൽക്കാരാകാൻ കഴിയില്ല - ഷെഹ്‌ബാസ് ഷെരീഫ് വ്യക്തമാക്കി.
Also read : 1974ലെ വിഭജനത്തില്‍ വേർപിരിയല്‍, വർഷങ്ങൾക്കിപ്പുറം സമാഗമം; കണ്ണുനനയിച്ച് സഹോദരങ്ങൾ
ഇന്ത്യയുമായുള്ള ചർച്ചയ്‌ക്ക് വഴി തുറക്കാൻ യുഎഇയുടെ സഹായം തേടുമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. കടുത്ത സാമ്പത്തിക രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.