ലഖ്‌നൗ: ആംബുലന്‍സ് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഉന്തുവണ്ടിയില്‍ ആശുപത്രിയിലെത്തിച്ച 50 വയസുകാരന്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റായി സ്വദേശിയായ വ്യാപാരിയാണ് മരിച്ചത്. തിങ്കളാഴ്‌ചയാണ് (ജനുവരി 1) സംഭവം.
പട്യാലിയില്‍ പച്ചക്കറി കട നടത്തുകയായിരുന്നു 50 കാരന്. കച്ചവടത്തിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വ്യാപാരി വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തി വിവരം അറിയിച്ചതിന് പിന്നാലെ വ്യാപാരി അബോധവസ്ഥയിലാകുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മകന്‍ അച്ഛനെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് അന്വേഷിച്ചു.
ആംബുലന്‍സിനായി 108 ലേക്ക് നിരന്തരം വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതേ തുടര്‍ന്നാണ് ഉന്തുവണ്ടിയില്‍ പിതാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയില്‍ എത്തിച്ച പിതാവിനെ ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ കുടുംബം രംഗത്തെത്തി.
തക്കസമയത്ത് ആംബുലന്‍സ് സേവനം ലഭിക്കാത്തതാണ് പിതാവിന്‍റെ ആരോഗ്യ നില വഷളാക്കിയതെന്ന് മകന്‍ പറഞ്ഞു. പിതാവിനെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിന് ഉത്തരവ്: സംഭവം വാര്‍ത്തയായതോടെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതായി ഡിഎംഒ ഡോ. ഉമേഷ് ത്രിപാഠി പറഞ്ഞു. ഉന്തുവണ്ടിയിലാണ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ തക്കസമയത്ത് ആംബുലന്‍സ് ലഭിക്കാത്തത് ഗൗരവമേറിയ വിഷയമാണ്.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാണെന്നും ആംബുലന്‍സ് സേവനം തേടിയയാളുടെയും ജീവനക്കാരുടെയും കോള്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും ഡോ. ത്രിപാഠി പറഞ്ഞു.