ന്യൂഡൽഹി: ഏപ്രിലിൽ നടക്കാനിരിക്കുന്ന ഇന്ത്യാ സന്ദർശന വേളയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ചെന്നൈ സന്ദർശിച്ചേക്കും. ഏപ്രിൽ 26ന് ജോൺസൺ ഇന്ത്യയിലേക്കെത്തുമെന്നാണ് സൂചന. ജോൺസന്‍റെ ചെന്നൈ സന്ദർശനത്തിന് അന്തിമരൂപം നൽകിയിട്ടുണ്ടെന്നും തമിഴ്‌നാട്ടിലേക്കുള്ള ഷെഡ്യൂൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നുമാണ് ഔദ്യോഗിക വിവരം.
യുകെയിൽ നിന്നുള്ള ഉന്നതസംഘം ഉടൻ തന്നെ ചെന്നൈയിലെത്തിയേക്കും. അടുത്തിടെ നടന്ന ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള അന്താരാഷ്‌ട്ര സമ്മേളനത്തിൽ(ഐസിഡിആർഐ 2021) കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ജോൺസൺ പ്രശംസിച്ചിരുന്നു. ഇന്ത്യാ സന്ദർശനം ഉൾപെടെ നിരവധി കാര്യങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് -19 വ്യാവനത്തിലെ വർധനവ് കാരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ഈ വർഷം ആദ്യം നടത്താനിരുന്ന ഇന്ത്യൻ സന്ദർശനം റദ്ദാക്കിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. വരുംവർഷങ്ങളിൽ സർക്കാർ നയത്തിന്‍റെ സമഗ്ര അവലോകനത്തിന്‍റെ ഭാഗമായി ഇൻഡോ-പസഫിക് മേഖലയിലേക്ക് ബ്രിട്ടൻ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.
ഇന്ത്യ യുകെയുടെ മുൻഗണനയാണെന്നും യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോയതിനുശേഷം ജോൺസൺ സന്ദർശിക്കുന്ന ആദ്യ രാജ്യം ഇന്ത്യയായിരിക്കുമെന്നതാണ് ഇതിന് കാരണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രി മോദി പ്രത്യേക അതിഥിയായ ജി 7 ഉച്ചകോടിക്ക് ജൂണിൽ ബ്രിട്ടൺ ആതിഥേയത്വം വഹിക്കും. യുഎന്നിന്‍റെ കാലാവസ്ഥാ വ്യതിയാനവുമായി സംബന്ധിച്ച സമ്മേളനമായ സിഒപി 26ഉം ബ്രിട്ടണിലായിരിക്കും നടക്കുക.