ശ്രീനഗര്‍: കഴിഞ്ഞ ദിവസം കശ്‌മീര്‍ പണ്ഡിറ്റ് സഞ്ജയ് ശര്‍മയെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന രണ്ട് തീവ്രവാദികളെ സുരക്ഷ സേന വധിച്ചു. തെക്കന്‍ കശ്‌മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഇന്ന് പുലര്‍ച്ചെ 1.15നായിരുന്നു സംഭവം. തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനും കൊല്ലപ്പെട്ടു.
തീവ്രവാദി സംഘത്തിലെ രണ്ട് പേരെ സുരക്ഷ സേന തിരിച്ചറിഞ്ഞിട്ടുണ്ട്. പുല്‍വാമ സ്വദേശിയായ അഖിബ് മുഷ്‌താഖ് ഭട്ട്, പുല്‍വാമ ട്രാല്‍ സ്വദേശിയായ അജാസ് അഹമ്മദ് ഭട്ട് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നേരത്തെ ഹിസ്‌ബിനായി പ്രവര്‍ത്തിച്ചിരുന്ന അഖിബ് ഇപ്പോള്‍ ടിആര്‍എഫിലാണ് പ്രവര്‍ത്തിക്കുന്നതെന്നും സുരക്ഷ സേന പറഞ്ഞു.
'തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികനും തീവ്രവാദികളും കൊല്ലപ്പെട്ടു'വെന്ന് അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസ് വിജയകുമാര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്‌ച പുല്‍വാമയിലെ അച്ചനിലെ വീടിന് സമീപം വെടിയേറ്റ് മരിച്ച ബാങ്കിലെ സുരക്ഷ ജീവനക്കാരനായ കശ്‌മീര്‍ പണ്ഡിറ്റ് സഞ്ജയ് ശര്‍മയെ കൊലപ്പെടുത്തിയത് അഖിബ് മുഷ്‌താഖ് ഭട്ടാണെന്ന് എഡിജിപി പറഞ്ഞു. തീവ്രവാദികള്‍ പദ്‌ഗംപോര പള്ളിയ്‌ക്ക് അകത്ത് ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ സേനയും സിആര്‍പിഎഫും കശ്‌മീര്‍ പൊലീസും സംയുക്തമായി പള്ളി വളയുകയായിരുന്നു.
പള്ളിയ്‌ക്ക് അകത്ത് ആയതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് സൈന്യം മുന്നോട്ട് നീങ്ങിയതെന്നും ഏറ്റമുട്ടലില്‍ പള്ളിയ്‌ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും എഡിജിപി പറഞ്ഞു. സുരക്ഷ സേന പള്ളിയ്‌ക്ക് അടുത്തെത്തിയപ്പോള്‍ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്‌പ്പില്‍ സൈനികന് കാലിന് പരിക്കേറ്റു. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് അദ്ദേഹം മരിക്കുകയായിരുന്നെന്നും ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.