ബീവാർ: രാജസ്ഥാനിലെ അമൃതകൗർ ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിൽ ഇൻക്യുബേറ്ററിലെ തകരാറുമൂലം രണ്ട് കുട്ടികൾ പൊള്ളലേറ്റ് മരിച്ചു. 11, നാല് ദിവസം വീതം പ്രായമുള്ള കുഞ്ഞുങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടികളെ കിടത്തിയിരുന്ന ഇൻക്യുബേറ്ററിലെ ഓട്ടോമാറ്റിക് സെൻസറിൽ വന്ന തകരാറാണ് അപകടത്തിന് കാരണം.
തകരാർ മനസിലാക്കിയ ജീവനക്കാർ ഉടനെ തന്നെ ഉപകരണം ഓഫ് ചെയ്‌തുവെങ്കിലും പൊള്ളലേറ്റ കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. സങ്കേതിക കാരണങ്ങളാൽ ഉപകരണത്തിന്‍റെ ചൂട് കൂടിയതാണ് അപകട കാരണമെന്നാണ് ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.കെ.കെ സോണി അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 7 ന് മാസം തികയാതെയുള്ള പ്രസവത്തിൽ ജനിച്ച കുട്ടി തിങ്കളാഴ്‌ച വൈകുന്നേരം വരെ സുഖമായിരിക്കുന്നുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് അധികൃതർ തങ്ങളോട് വന്ന് കുട്ടി മരിച്ചെന്ന് പറയുകയായിരുന്നു. മരണപ്പെട്ട 11മാസം പ്രായമുള്ള കുട്ടിയുടെ പിതാവ് ഓം പ്രകാശ് പറഞ്ഞു.
അതേസമയം അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രിയിൽ പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ 2021 മാർച്ച് 13ന് സാങ്കേതിക തകരാർ മൂലം ആശുപത്രിയുടെ വാർഡിൽ തീപിടുത്തം ഉണ്ടായിരുന്നു. അപകടത്തിൽ ആളപായം ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ തീ പിടുത്തത്തിന് തൊട്ടടുത്ത ദിവസം ലേബർ റൂമിലെ ഓക്‌സിജൻ വാൽവ് തുറന്ന നിലയിൽ കണ്ടെത്തിയിരുന്നു.