അഗർത്തല: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കർഫ്യൂ പ്രഖ്യാപിച്ച നഗരത്തിൽ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് രാത്രി സന്ദർശനം നടത്തി. രണ്ടാം കൊവിഡ് തരംഗം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ സാഹചര്യങ്ങൾ മുഖ്യമന്ത്രി വിലയിരുത്തിയിരുന്നു. സന്ദർശനത്തിനിടെ അദ്ദേഹം കൊവിഡ് സൗകര്യങ്ങൾ വിലയിരുത്തി ജീവനക്കാരുമായി സംവദിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർക്കൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
കൊവിഡ് ട്രീറ്റ്‌മെന്‍റ് ജില്ലാ തലത്തിലും സബ് ഡിവിഷനിലേക്കും വികേന്ദ്രീകരിച്ചുവെന്നും അതാത് ജില്ലകളിലെ കൊവിഡ് രോഗികൾക്ക് മെഡിക്കൽ സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ പ്രദേശത്ത് നിന്ന് എത്തുന്ന ആളുകളുടെ തിരക്ക് ഒന്നാം കൊവിഡ് തരംഗത്തിൽ ഉണ്ടായെങ്കിലും രണ്ടാം തരംഗത്തിൽ നിലവിൽ സംസ്ഥാനത്ത് ജില്ലാ അടിസ്ഥാനത്തിൽ ചികിത്സ നൽകാൻ കഴിയുന്നതിലൂടെ ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്താൻ സാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട വെന്‍റിലേറ്ററുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ ഡിപ്പാർട്ട്‌മെന്‍റിലേക്ക് 164 ഡോക്‌ടർന്മാരെ റിക്രൂട്ട് ചെയ്യാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. അടിയന്തര യോഗം ചേർന്നാണ് മന്ത്രിമാരുടെ കൗൺസിൽ 164 ഡോക്‌ടർന്മാരുടെ റിക്രൂട്ട്മെന്‍റിന് അനുമതി നൽകിയത്. ജില്ലാ ആശുപത്രിയും ആർജിഎം ആശുപത്രിയും സന്ദർശിച്ച ശേഷം ആരോഗ്യ വകുപ്പിൽ സ്വീകരിക്കേണ്ട നിർദേശങ്ങളും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്. കൊവിഡ് രോഗലക്ഷണങ്ങൾ കാണിക്കുന്നവർ വീട്ടിൽ കഴിയണമെന്നും ആരോഗ്യ പ്രവർത്തകരുടെ നിർദേശം സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.