ചെന്നൈ: പരമ്പരാഗത കള്ള് ചെത്ത് തൊഴിൽ തിരിച്ചു കൊണ്ട് വരുന്നതിനായി സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ സംഘടനയായ തമിഴ്‌നാട് ടോഡി മൂവ്‌മെന്‍റ് (ടിടിഎം) ഇത്തവണത്തെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന സ്ഥാനാർഥികളുടെ മണ്ഡലങ്ങളിൽ മത്സരിക്കും. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ മുഖ്യമന്ത്രി സ്ഥാനാർഥികൾക്കെതിരെ സ്ഥാനാർത്ഥികളെ നിർത്താനാണ് തീരുമാനം. ഇതനുസരിച്ച് നിലവിലെ മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ എടപ്പാടി നിയമസഭാ മണ്ഡലത്തിൽ ടിടിഎം സംസ്ഥാന കൺവീനർ എൽ കതിരേശൻ നാമനിർദേശ പത്രിക സമർപ്പിച്ചതായി ടിടിഎം സെക്രട്ടറി എസ് നല്ലസാമി പറഞ്ഞു.
മാർച്ച് 15ന് ചെന്നൈയിലെ കൊളത്തൂരിൽ ഡിഎംകെ പ്രസിഡന്‍റും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ എംകെ സ്റ്റാലിനെതിരെ ടിടിഎം നാമനിർദേശം സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് തമിഴ്‌നാട്ടിൽ കള്ള് ചെത്ത് നിരോധിച്ചിരുന്നു. ജല്ലിക്കട്ട് സമരം ചെയ്ത് തിരിച്ചു കൊണ്ട് വന്നതുപോലെ വൻ പ്രക്ഷോഭമായിട്ടാണ് ഈ തെരഞ്ഞെടുപ്പിൽ ടിടിഎം സ്ഥാനാർഥികളെ നിർത്തുന്നതെന്നും നല്ലസാമി പറഞ്ഞു