ന്യൂഡൽഹി: ഫ്രാൻസിൽ നിന്നും ഏഴാമത്തെ ബാച്ചില്‍ ഉള്‍പ്പെട്ട മൂന്ന് റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഇന്ത്യയിലെത്തി. 8,000 കിലോമീറ്റർ ദൂരം പിന്നിട്ടെത്തിയ വിമാനം എവിടെയും നിര്‍ത്താതെയാണ് രാജ്യത്തെത്തിയത്. വ്യോമസേനയുടെ രണ്ടാമത് സ്‌ക്വാഡ്രണിന്‍റെ ഭാഗമായാണ് ജെറ്റുകളുടെ പുതിയ ബാച്ച് എത്തിയത്.
യു.എ.ഇ വ്യോമസേനയാണ് വിമാനത്തിന് യാത്രക്കിടെ ഇന്ധനം നിറച്ചുനല്‍കിയത്. യു.എ.ഇയുടെ ഇടപെടലിനെ ഇന്ത്യൻ വ്യോമസേന അഭിനന്ദിച്ചു. പുതിയ ഇറക്കുമതിയോടു കൂടി റഫാൽ ജെറ്റുകളുടെ ആകെ എണ്ണം 24 ആയി ഉയർന്നു. പശ്ചിമ ബംഗാളിലെ ഹസിമാര എയർബേസ് കേന്ദ്രീകരിച്ചാണ് പുതിയ സ്‌ക്വാഡ്രണ്‍.
ആദ്യത്തെ റഫാൽ സ്ക്വാഡ്രൺ അംബാല എയർഫോഴ്സ് സ്റ്റേഷനിലാണ്. ഒരു സ്ക്വാഡ്രണില്‍ 18 ഓളം വിമാനങ്ങളാണുള്ളത്. 58,000 കോടി രൂപ ചെലവിൽ 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ 2016 സെപ്റ്റംബറിൽ ഫ്രാൻസുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.
അഞ്ച് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ച് കഴിഞ്ഞ വർഷം ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്. വരുന്ന കുറച്ച് മാസങ്ങളിൽ ഇന്ത്യയ്ക്ക് കൂടുതൽ റാഫേൽ ജെറ്റുകൾ ഫ്രാൻസിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ALSO READ: 'തൃണമൂലിനെ ഇല്ലാതാക്കാന്‍ ഞാന്‍ എന്തും ചെയ്യും'; ബംഗാളില്‍ പോരിനൊരുങ്ങി സുവേന്ദു അധികാരി