അമരാവതി : ലേപാക്ഷി നോളജ് ഹബ്ബിന്‍റെ വസ്‌തുക്കളിൽ നടത്തിയ പാപ്പരത്വ നടപടികളിലൂടെ ആയിരക്കണക്കിന് കോടിയുടെ ഭൂമി അനധികൃതമായി സ്വന്തമാക്കി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ ബന്ധുക്കൾ. പാപ്പരത്വ നടപടികൾ നേരിടുന്ന ഇന്ദു പ്രൊജക്‌ടുകൾ വിവിധ ബാങ്കുകളിൽ പണയംവച്ചിട്ടുള്ള, ലേപാക്ഷി നോളജ് ഹബ്ബിന്‍റെ ഭൂമികളാണ് തുച്ഛമായ വിലയ്‌ക്ക് മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ കമ്പനികൾ സ്വന്തമാക്കുന്നത്.
2500 കോടി രൂപ വിലമതിക്കുന്ന ഭൂമി വെറും 500 കോടി രൂപ നൽകിയാണ് മുഖ്യമന്ത്രിയുടെ കുടുംബ കമ്പനി എന്നുതന്നെ പറയാവുന്ന എർത്തിൻ പ്രൊജക്‌ട്‌സ് വാങ്ങുന്നത്. എർത്തിൻ ഡയറക്‌ടറായി ചേർന്ന നരേൻ രാമഞ്ജുള റെഡ്ഡിയുടെ പിതാവ് രവീന്ദ്രനാഥ് റെഡ്ഡി മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ അമ്മാവനാണ്. ഈ ബന്ധമാണ് കുറഞ്ഞ വിലയ്ക്ക് ലേപാക്ഷി ഭൂമി ഏറ്റെടുക്കാൻ എർത്തിൻ കമ്പനിയെ സഹായിച്ചത്.
അഴിമതിയിൽ മുങ്ങി ലേപാക്ഷി നോളജ് ഹബ്ബ് : വൈഎസ് രാജശേഖര റെഡ്ഡി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ലേപാക്ഷി നോളജ് ഹബ്ബിന്‍റെ പേരിൽ അനന്തപൂർ ജില്ലയിൽ ആയിരക്കണക്കിന് ഏക്കർ ഭൂമി അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തുക്കൾക്ക് പതിച്ചുനൽകിയിരുന്നു. രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻമോഹൻ റെഡ്ഡിയുടെ പ്രേരണയിലാണ് ഇതെല്ലാം ചെയ്‌തതെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയുടെ നിഗമനം.
ഈ പ്രക്രിയയിൽ പ്രധാന പങ്കുവഹിച്ച കമ്പനിയായിരുന്നു ശ്യാംപ്രസാദ് റെഡ്ഡിയുടെ ഇന്ദു പ്രൊജക്‌ട്‌സ്. എന്നാൽ കടക്കെണിയിലായ ഇന്ദു പ്രൊജക്‌ട്‌സ് കുറച്ചുകാലം മുമ്പ് പാപ്പരായി. 2019 മാർച്ചിലെ കണക്കനുസരിച്ച് കമ്പനിക്ക് 4,531.44 കോടി രൂപയുടെ കടബാധ്യതയുണ്ട്. തുടർന്ന് ഹൈദരാബാദിലെ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ- NCLT ഡിപ്പാർട്ട്‌മെന്‍റ് കമ്പനിയുടെ പാപ്പരത്ത പരിഹാര പ്രക്രിയ ഏറ്റെടുത്തു. ഈ ഒത്തുതീർപ്പിന്‍റെ ഭാഗമായി കടക്കാർ ക്ലെയിം ചെയ്‌ത 4,531.44 കോടി രൂപയിൽ 4,138.54 കോടി രൂപയുടെ കടങ്ങൾ പാപ്പരത്വ നടപടികളിലൂടെ അവസാനിപ്പിച്ചു.
വില 2500 കോടി, വാങ്ങുന്നത് 500 കോടിക്ക് : ഇതിനിടെയാണ് കെ രാമചന്ദ്ര റാവു ട്രാൻസ്മിഷൻ ആൻഡ് പ്രൊജക്ടുകൾക്കൊപ്പം 500 കോടി രൂപ നൽകാനുള്ള എർത്തിൻ പ്രൊജക്‌ടുകളുടെ നിർദ്ദേശം ക്രെഡിറ്റേഴ്‌സ് കമ്മിറ്റി അംഗീകരിച്ചത്. കൂടാതെ ലോ ട്രിബ്യൂണലിന്‍റെ അനുമതിയും ലഭിച്ചു. ഇതോടെ ബാങ്കുകൾക്കും മറ്റ് വായ്‌പക്കാർക്കും 500 കോടി മാത്രം നൽകുന്ന എർത്തിൻ കണ്‍സോർഷ്യത്തിന് ഇന്ദു പ്രൊജക്‌ട്‌സിന്‍റെ എല്ലാ ഭൂമിയും ബാങ്കുകൾ ഈട് നൽകും.
പൊന്നിൻ വിലയുള്ള ഭൂമി : ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വഴിയിൽ ആന്ധ്രാപ്രദേശ് അതിർത്തിയിൽ നിന്ന് തുടങ്ങി 18 കിലോമീറ്റർ പരിധിക്കുള്ളിൽ റോഡിനിരുവശവും ലേപാക്ഷി ഭൂമിയുണ്ട്. അതിർത്തിയിൽ നിന്ന് കർണാടകയിലേക്ക് ഏകദേശം 65 കിലോമീറ്റർ അകലെ ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളം ഇതേ പാതയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതിലൂടെത്തന്നെ ഈ ഭൂമികൾ എത്രത്തോളം വിലമതിക്കുന്നുണ്ടെന്ന് ഊഹിക്കാവുന്നതാണ്.
ലേപാക്ഷി ഭൂമി കുംഭകോണത്തിൽ 2013ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ അക്കാലത്ത് ശരാശരി 15 ലക്ഷം രൂപയായിരുന്നു ഇവയുടെ മൂല്യം കണക്കാക്കിയിരുന്നത്. 8,844 ഏക്കറിന്‍റെ ആകെ മൂല്യം 1,326.60 കോടി രൂപയായിരിക്കുമെന്ന് വ്യക്തമായി പറയുന്നു. നിലവിലെ പാപ്പരത്ത നടപടി പ്രകാരം എർത്തിൻ പ്രോജക്‌ട്‌സിന്‍റെ ഉടമസ്ഥതയിലുള്ള 4,191ഏക്കറിന്‍റെ മൂല്യം 2013 ലെ എസ്റ്റിമേറ്റ് പ്രകാരം 628.65 കോടി രൂപയാണ്.
കുത്തനെ ഉയർന്ന് വില : എന്നാൽ ഈ ഒമ്പത് വർഷത്തിനുള്ളിൽ പ്രദേശത്ത് നിരവധി മാറ്റങ്ങൾ സംഭവിച്ചു. ആന്ധ്രാപ്രദേശിന്‍റെ അതിർത്തിയിൽ നിന്ന് ഹൈദരാബാദിലേക്ക്, 25 കിലോമീറ്റർ അകലെയാണ് കിയ കാർ തങ്ങളുടെ കമ്പനി സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ നിരവധി അനുബന്ധ വ്യവസായങ്ങളും ഉയർന്നുവന്നിട്ടുണ്ട്.
തൽഫലമായി ഭൂമിയുടെ മൂല്യം ഗണ്യമായി വർധിച്ചു. നിലവിൽ ലേപാക്ഷി നോളജ് ഹബ് ഏരിയയില്‍ ഭൂമിക്ക് ഒരു കോടി രൂപ വരെ വിലയുള്ളപ്പോൾ ഉൾപ്രദേശങ്ങളില്‍ 30 മുതൽ 40 ലക്ഷം രൂപ വരെ വിലയുണ്ട്.
കണ്ണടച്ച് ബാങ്കുകൾ : ഇന്ദു പ്രൊജക്‌ട്‌സിന്‍റെ ബാങ്കുകളിലെ ഈടുകളിൽ ദുർഗം ചെരുവിലെ അഞ്ച് ഏക്കർ ഭൂമിക്ക് 400 കോടിയിലേറെയും മിയാപൂരിലെ 11 ഏക്കർ ഭൂമിക്ക് 200 കോടി രൂപയും, ഷമീർപേട്ടിലെ 35 ഏക്കറിന് 200 കോടി രൂപയാണ് വില. എന്നാൽ ഇത്രയും വലിയ തുക വായ്‌പ നൽകിയ ബാങ്കുകൾക്ക് പാപ്പരത്ത നടപടിയിലൂടെ 500 കോടി രൂപ മാത്രമേ ലഭിക്കൂ. അതിൽ 23 കോടി രൂപ മറ്റ് നടപടികളിലേക്ക് പോകുന്നതിനാൽ ബാങ്കുകളിൽ എത്തുന്നത് 477 കോടി രൂപ മാത്രമാണ്.
ഉന്നതരുടെ പിന്തുണ : അതേസമയം 2021 മാർച്ചില്‍, എർത്തിൻ കമ്പനിയുടെ മൊത്തം ആസ്തി 4.49 കോടി രൂപയും അതിന്‍റെ ബിസിനസ് ശേഷി 21.92 കോടി രൂപയും മാത്രമാണ്. ഇത്തരമൊരു കമ്പനി പാപ്പരത്ത പ്രക്രിയയിൽ പങ്കാളിയാകുന്നതിന് പിന്നിൽ ഉന്നതരുടെ പ്രോത്സാഹവും പിന്തുണയും എത്രത്തോളമുണ്ടെന്നതും ഇവിടെ പ്രസക്‌തമാണ്.
ലേപാക്ഷി നോളജ് ഹബ് അഴിമതിക്കേസിലെ പ്രതി സംസ്ഥാനത്തിന്‍റെ തന്നെ മുഖ്യമന്ത്രിയായ വിചിത്രമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ലേപാക്ഷി ഭൂമി സർക്കാരിന് കൈമാറാതെ സ്വകാര്യ കമ്പനിക്ക് കൈമാറിയതും മികച്ച ആസൂത്രണത്തിന്‍റെ ഭാഗമായാണ്. ഇതിന്‍റെ ഫലമായാണ് മുഖ്യമന്ത്രിയുടെ ബന്ധു തന്നെ എർത്തിൻ കമ്പനിയുടെ ഡയറക്ടറായി ചേർന്നതും ജനങ്ങളുടെ സ്വത്ത് സംരക്ഷിക്കേണ്ട സർക്കാർ തങ്ങളുടെ ഉത്തരവാദിത്തം പാടെ അവഗണിച്ചതും.