മുംബൈ : മഹാരാഷ്‌ട്രയിലെ താനെയില്‍ പെണ്‍സുഹൃത്തിനെ കാര്‍ കയറ്റി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍ (3 Accused Arrested In Thane Run Over Case). കേസിലെ പ്രധാന പ്രതിയായ അശ്വജിത് അനില്‍ ഗെയ്‌ക്‌വാദ് (Ashwajit Anil Gaikwad) ഇയാളുടെ സഹായികളായ റോമില്‍ പാട്ടീല്‍, സാഗര്‍ ഷെഡ്‌ഗെ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്. ഇവരില്‍ നിന്നും ഒരു കാറും അന്വേഷണ സംഘം പിടിച്ചെടുത്തു.
സംഭവം നടന്ന് ആറാം ദിവസത്തിലായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ ഡിസംബര്‍ 11നായിരുന്നു താനെയിലെ ഗോഡ്ബന്ദർ റോഡിലെ ഔല ഏരിയല്‍ വച്ച് അശ്വജിത് ഗെയ്‌ക്‌വാദും കൂട്ടാളികളും യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പുലർച്ചെ 4.30 ഓടെ ഗോഡ്ബന്ദർ റോഡിൽ ഔലയിലെ ഹോട്ടലിന് സമീപം എത്തിയ അശ്വജിത് യുവതിയെ അവിടേക്ക് വിളിക്കുകയായിരുന്നു.
പിന്നാലെ, ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അശ്വജിത് യുവതിയെ മര്‍ദിച്ച ശേഷം സുഹൃത്തുക്കളോട് യുവതിയുടെ മേൽ കാർ ഓടിച്ചുകയറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് അശ്വജിത് ഗെയ്‌ക്‌വാദ് ആക്രമണം നടത്തിയതെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് താനെ ഡിസിപി അമര്‍സിങ് ജാദവ് അറിയിച്ചു. 'ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 279 (അശ്രദ്ധമായി പൊതുവഴിയിൽ വാഹനമോടിക്കുക), 338 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ ഗുരുതരമായ പരിക്കേൽപ്പിക്കുക), 323 (ഉപദ്രവിക്കുന്നതിനുള്ള ശിക്ഷ), 504 (മനപ്പൂർവ്വം അപമാനിക്കൽ), 34 (പൊതു ഉദ്ദേശ്യത്തോടെ നിരവധി വ്യക്തികൾ ചേർന്ന് ചെയ്യുന്ന കൃത്യം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസിന്‍റെ പ്രാഥമികാന്വേഷണത്തിന്‍റെ ചുമതല ലോക്കല്‍ പൊലീസിനായിരുന്നു. സ്പെഷ്യല്‍ ടീം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് താനെ ഡിസിപി പറഞ്ഞു.
പൊലീസിനെതിരെ പരാതിക്കാരി: ഐഎഎസ് ഉദ്യോഗസ്ഥന്‍ അനില്‍ ഗെയ്‌ക്‌വാദിന്‍റെ മകന്‍ അശ്വജിത് ഗെയ്‌ക്‌വാദ് പ്രതിയായ കേസില്‍ പൊലീസിനെതിരെ ആരോപണങ്ങളുമായി പരാതിക്കാരിയായ യുവതി രംഗത്തെത്തിയിരുന്നു. ചില പേപ്പറുകളിൽ ഒപ്പിടാൻ പൊലീസ് തന്നെ നിർബന്ധിച്ചു എന്നാണ് യുവതി മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Also Read : സംശയരോഗം: ഭാര്യയെ പട്ടാപകൽ കോടാലിക്ക് വെട്ടിക്കൊന്ന് ഭർത്താവ്
'ചില പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം എന്നെ കാണാന്‍ എത്തിയിരുന്നു. ചില പേപ്പറുകള്‍ നല്‍കിയിട്ട് അവര്‍ എന്നോട് അതില്‍ ഒപ്പ് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ, അതിലൊന്നിലും ഒപ്പിടാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. ഇതോടെ ദേഷ്യപ്പെട്ടുകൊണ്ടായിരുന്നു അവര്‍ പോയത്. പ്രധാനമന്ത്രിയിലും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയിലും വിശ്വാസമുണ്ട്. തനിക്ക് നീതിയാണ് വേണ്ടതെന്നുമായിരുന്നു യുവതി അഭിപ്രായപ്പെട്ടിരുന്നത്.