ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ് മൽക്കജ്‌ഗിരി ജില്ലാ യൂണിറ്റ് പ്രസിഡന്‍റ് പാർട്ടിയിൽ നിന്നും രാജിവെച്ചു. കെ. ശ്രീശൈലം ഗൗഡ് ആണ് കോൺഗ്രസ് വിടുന്നതായി പ്രഖ്യാപനം നടത്തിയത്. താന്‍ ബിജെപിയില്‍ ചേരുമെന്നും ഗൗഡ് വ്യക്തമാക്കിയിരുന്നു. അടുത്തിടെ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്ന രണ്ടാമത്തെ നേതാവ് ആണ് ഗൗഡ്. 2020 ഡിസംബറിൽ നടിയും മുൻ എംപിയുമായ വിജയശാന്തി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് ഗൗഡ് പറഞ്ഞു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ (ജിഎച്ച്എംസി) അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ പ്രകടനത്തിൽ താൻ നിരാശനാണെന്ന് ഗൗഡ് പറഞ്ഞിരുന്നു. 2009ൽ ഖുത്ബുള്ളപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായാണ് ഗൗഡ് രാഷ്ടീയത്തിൽ വരുന്നത്. പിന്നീട് കോൺഗ്രസിന്‍റെ അസോസിയേറ്റ് അംഗമായി. 2013ൽ ശ്രീശൈലം ഗൗഡ് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നെങ്കിലും ഏതാനും മാസങ്ങൾക്ക് ശേഷം കോൺഗ്രസിലേക്ക് മടങ്ങി. 2014 ലും 2018 ലും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും രണ്ട് തവണയും പരാജയപ്പെട്ടു.