ഗയ : ബിഹാറില്‍ 10 വയസുകാരിയെ പീഡിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികള്‍ പൊലീസ് കസ്റ്റഡിയില്‍. ഗയ ജില്ലയിലെ ബോധ്‌ഗയ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്നലെയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. റോഡിലൂടെ കടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ പന്ത്രണ്ടും പതിമൂന്നും വയസായ മൂന്ന് ആണ്‍കുട്ടികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ശേഷം, വീട്ടില്‍ എത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ പീഡനവിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും മാതാപിതാക്കളും ചേര്‍ന്ന് ബോധ്‌ഗയ പൊലീസിലും വനിത പൊലീസിലും പരാതി നല്‍കി. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തു.
എസ്‌എസ്‌പി, ആശിഷ് ഭാരതിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. ബോധ്‌ഗയ പൊലീസ് സ്‌റ്റേഷന്‍ എസ്ഐ, മഹിള പൊലീസ് സ്‌റ്റേഷന്‍ എസ്‌ഐ, ബോധ്‌ഗയ എസ്‌ഡിപിഒയുടെ കീഴിലുള്ള ടെക്‌നിക്കല്‍ സംഘം എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഭാഗമാണ്. തുടര്‍ന്ന് പൊലീസ് മൂന്ന് പ്രതികളെയും കസ്‌റ്റഡിയിലെടുത്തു.
സംഭവത്തില്‍ ശാസ്‌ത്രീയ പരിശോധന വേഗത്തിലാക്കാനും കോടതിയില്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിച്ച് ശിക്ഷ ഉറപ്പാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.