മുംബൈ: റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ വധിക്കുമെന്ന് ഇമെയില്‍ സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. തെലങ്കാന സ്വദേശിയായ ഗണേഷ് വന്‍പര്‍ധിയാണ് (19) അറസ്റ്റിലായത്. ഇന്നാണ് (നവംബര്‍ 4) ഇയാളെ മഹാരാഷ്‌ട്ര പൊലീസ് അറസ്റ്റ് ചെയ്‌തത് (Death Threat Emails To Mukesh Ambani).
ഒക്‌ടോബര്‍ 28നും നവംബര്‍ 3നും ഇടയിലാണ് കേസിനാസ്‌പദമായ സംഭവം. അംബാനിയില്‍ നിന്നും കോടിക്കണക്കിന് രൂപ ആവശ്യപ്പെട്ട യുവാവ് പണം നല്‍കിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വധഭീഷണി മുഴക്കി കൊണ്ട് മൂന്ന് ഇമെയില്‍ സന്ദേശമാണ് യുവാവ് അംബാനിക്ക് അയച്ചത്. 400 കോടി രൂപ ആവശ്യപ്പെട്ട മെയിലിന് പിന്നാലെ തെറ്റായ പേര് പറഞ്ഞ് ഇയാള്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്‌തിരുന്നു (Death Threat Against Mukesh Ambani).
തന്‍റെ പേര് ഷദാബ് ഖാനാണെന്നാണ് യുവാവ് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. യുവാവ് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ അംബാനിക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. ഓരോ തവണ ഇമെയില്‍ സന്ദേശം അയക്കുമ്പോഴും ആവശ്യപ്പെട്ട തുക വര്‍ധിപ്പിച്ച് കൊണ്ടിരുന്നു.
ആദ്യ മെയിലില്‍ 20 കോടി രൂപ ആവശ്യപ്പെട്ട യുവാവ് രണ്ടാമത്തെ സന്ദേശത്തില്‍ 200 കോടിയും മൂന്നാമതായി 400 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. നേരത്തെ അയച്ച സന്ദേശത്തിന് മറുപടി നല്‍കാത്തതാണ് തുക വര്‍ധിപ്പിച്ചതെന്നും ഇയാള്‍ സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നതായും മുംബൈ പൊലീസ് പറഞ്ഞു. തുടര്‍ച്ചയായി ലഭിച്ച സന്ദേശത്തിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത് (Reliance Industries Chairman Mukesh Ambani).
ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 387 (ഭീഷണിപ്പെടുത്തല്‍) 506 (2) (ക്രിമിനല്‍ക്കുറ്റം) എന്നിവ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
കേരള മുഖ്യമന്ത്രിക്കും വധഭീഷണി: ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് (നവംബര്‍ 1) കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ 12 വയസുകാരന്‍ വധഭീഷണി മുഴക്കിയത്. വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലാണ് വധഭീഷണി മുഴക്കിയുള്ള ഫോണ്‍ കോള്‍ ലഭിച്ചത്. ഭീഷണിയുണ്ടായതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തിയത്.
തുടര്‍ന്ന് 12കാരന്‍ തന്നെയാണ് വധഭീഷണി മുഴക്കിയതെന്ന് പൊലീസ് ഉറപ്പ് വരുത്തി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായത് കൊണ്ട് പൊലീസ് കേസെടുത്തിട്ടില്ല. വധഭീഷണി നടത്താന്‍ കുട്ടിയെ പ്രേരിപ്പിച്ചത് എന്താണെന്ന് കണ്ടെത്താനായിട്ടില്ല. എന്നാല്‍ കുട്ടിയ്‌ക്ക് ആവശ്യമായ കൗണ്‍സിലിങ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.