ഹൈദരാബാദ്: തെലങ്കാന പ്രദേശ് കോൺഗ്രസ് മേധാവിയായി എ. രേവന്ത് റെഡ്ഡിയെ നിയമിച്ചതിനെ തുടർന്ന് പാർട്ടി നേതാക്കൾക്കിടയിൽ അതൃപ്‌തി. പ്രതിഷേധം എന്ന നിലയിൽ പാർട്ടിയിൽ നിന്ന് ചില മുതിർന്ന നേതാക്കൾ രാജി വച്ചു. ഇനി ഒരിക്കലും പാർട്ടി ആസ്ഥാനമായ ഗാന്ധിഭവനിൽ പ്രവേശിക്കില്ലെന്ന് ഭോംഗിർ എംപി കോമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി.
പുതിയ നേതൃത്വം ടിഡിപിയുടെ വിപുലീകരണം
പണം നൽകി വോട്ട് പിടിക്കുന്നതു പോലെയായിരുന്നു രേവന്ത് റെഡ്ഡിയുടെ നിയമനം എന്ന് തൽസ്ഥാനത്തേക്കുള്ള ശക്തനായ മത്സരാർഥിയായിരുന്ന വെങ്കട്ട് റെഡ്ഡി ആരോപിച്ചു. തെലുഗു ദേശം പാർട്ടി(ടിഡിപി) അംഗമായിരുന്ന രേവന്ത് റെഡ്ഡി 2015ലെ ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ടിഡിപി സ്ഥാനാർഥിക്ക് വോട്ടുചെയ്യാൻ എംഎൽഎയ്ക്ക് 50 ലക്ഷം പണം വാഗ്ദാനം ചെയ്ത കേസ് വെങ്കട്ട് റെഡ്ഡി പരാമർശിച്ചു. പുതിയ സംസ്ഥാന യൂണിറ്റ് തെലുഗു ദേശം പാർട്ടിയുടെ വിപുലീകരണമാണെന്നും കോൺഗ്രസിന്‍റെ ചുമതലയുള്ള മാണിക്കം ടാഗോർ സാമ്പത്തിക നേട്ടത്തിനായാണ് രേവന്ത് റെഡ്ഡിയെ അനുകൂലിച്ചതെന്നും വെങ്കട്ട് റെഡ്ഡി ആരോപിച്ചു. 2017ലാണ് രേവന്ത് റെഡ്ഡി ടിഡിപി വിട്ട് കോൺഗ്രസിൽ ചേരുന്നത്.
നടന്നത് അനീതി
പാർട്ടി ആസ്ഥാനത്ത് പ്രവേശിക്കില്ലെങ്കിലും താൻ ആളുകൾക്കിടയിൽ തന്നെ തുടരുമെന്ന് വെങ്കട്ട്. തിങ്കളാഴ്ച മുതൽ ഇബ്രാഹിംപട്ടണം മുതൽ ഭുവനഗിരി വരെ പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയോട് വിശ്വസ്തത പുലർത്തിയിട്ടും തനിക്ക് നേരിടേണ്ടി വന്നത് അനീതിയാണെന്ന തോന്നൽ പാർട്ടി പ്രവർത്തകരുടെ ഇടയിൽ ഉണ്ടെന്നും നാളെ അവർക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നേക്കാം എന്ന ഭയം പാർട്ടി നേതാക്കൾക്കിടയിൽ ഉണ്ടെന്നും വെങ്കട്ട് റെഡ്ഡി പറഞ്ഞു.
പ്രതിഷേധിച്ച് രാജി
മുൻ മന്ത്രി എം. ശശിധർ റെഡ്ഡി ഞായറാഴ്ച തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ ഏകോപന സമിതി ചെയർമാൻ സ്ഥാനം രാജിവച്ചു. രേവന്ത് റെഡ്ഡിയുടെ നിയമനത്തിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ എൽ. ലക്ഷ്മ റെഡ്ഡി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു.
നിയമിച്ചത് കോൺഗ്രസ് അധ്യക്ഷ
എൻ. ഉത്തം റെഡ്ഡിക്ക് പകരം എംപിയായ എ. രേവന്ത് റെഡ്ഡിയെ പിസിസി അധ്യക്ഷനായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമിച്ചത്. അഞ്ച് വർക്കിങ് പ്രസിഡന്‍റുമാരെയും 10 സീനിയർ വൈസ് പ്രസിഡന്‍റുമാരെയും പിസിസി ഭാരവഹികളായി തെരഞ്ഞെടുത്തിട്ടുണ്ട്. വർക്കിങ് പ്രസിഡന്‍റുമാരിൽ മുൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് അസറുദ്ദീനുമുണ്ട്.