ന്യൂഡൽഹി: ഇലക്‌ട്രിക് വാഹന ലോകത്തേക്ക് പുത്തൻ ചുവടുവെയ്‌പ്പിന് ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. 2025ഓടെ പത്തോളം മോഡലുകളുടെ ഇലക്ട്രിക് വാഹനങ്ങൾ വിപണിയില്‍ എത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചിരുന്നു. ഇപ്പോൾ തങ്ങളുടെ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ ഇലക്ട്രിക് പതിപ്പുകളിൽ ഫോർ വീൽ ഡ്രൈവ് സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.
നിലവിലുള്ള എസ്‌യുവി മോഡലുകളായ നെക്‌സോൺ, ഹാരിയർ, സഫാരി എന്നിവയിലൊന്നും തന്നെ ഫോർ ബൈ ഫോർ (4X4) ഡ്രൈവിങ് സാങ്കേതികവിദ്യ കമ്പനി അവതരിപ്പിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ പുറത്തിറങ്ങുന്ന ഇലക്‌ട്രോണിക് എസ്‌യുവി മോഡലുകളിൽ ഈ സാങ്കേതികവിദ്യ അവതരിപ്പിക്കാൻ ശ്രമിക്കുമെന്ന് കമ്പനിയുടെ പാസഞ്ചർ വെഹിക്കിൾ ബിസ്‌നസ് ഹെഡ് ഷൈലേഷ് ചന്ദ്ര പറഞ്ഞു.
'ഇലക്‌ട്രിക് വാഹനങ്ങളിൽ ഫോർ ബൈ ഫോർ സാങ്കേതിക വിദ്യ എത്തിക്കുന്നതിലായിരിക്കും ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ ഭാവി എസ്‌യുവികളുടെ ഇലക്ട്രിക് പതിപ്പിൽ ഞങ്ങൾ ഇത് പ്രവർത്തിക്കാൻ പോകുകയാണ്'. ഷൈലേഷ് ചന്ദ്ര പറഞ്ഞു. ഫോർ ബൈ ഫോർ അപ്‌ഡേഷനായി നെക്‌സോൺ ശ്രേണിക്ക് മുകളിലുള്ള മോഡലുകളെയാണ് ടാറ്റ മോട്ടോഴ്‌സ് പരിഗണിക്കുന്നത്.
അതേസമയം ടാറ്റയുടെ മുഖ്യ എതിരാളിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇതിനകം തന്നെ XUV 700, സ്‌കോർപിയോ-എൻ, ഥാർ, അൽതുറാസ് G4 തുടങ്ങിയ വിവിധ മോഡലുകളിൽ ഫോർ വീൽ ഡ്രൈവ് സങ്കേതികവിദ്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മാരുതി സുസൂക്കി പോലും അടുത്തിടെ പുറത്തിറങ്ങിയ തങ്ങളുടെ മിഡ് സൈസ് എസ്‌യുവിയായ ഗ്രാൻഡ് വിറ്റാരയിൽ ഓൾ വീൽ ഡ്രൈവ് (എഡബ്ല്യുഡി) അവതരിപ്പിച്ചിരുന്നു.