ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ ജീവന് വേണ്ടി പ്രാര്‍ത്ഥനയുമായി നാട്ടുകാര്‍. പതിനാല് ദിവസമായി 41 തൊഴിലാളികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം അടിക്കടി തടസപ്പെടുകയാണ്.
തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ നിത്യവും തങ്ങളുടെ ദേവതയ്ക്ക് പ്രാര്‍ത്ഥനയും പൂജയും നടത്തുന്നതായി നാട്ടുകാര്‍ വ്യക്തമാക്കി. ബാബാബൗഖ്‌നാഗ് എന്ന തങ്ങളുടെ നാട്ടുദേവത വളരെ ശക്തിയുളള ദൈവമാണെന്നും നാട്ടുകാര്‍ക്ക് ഈ ദൈവത്തില്‍ വലിയ വിശ്വാസമാണെന്നും തൊഴിലാളികള്‍ ഉടന്‍ തന്നെ സുരക്ഷിതരായി പുറത്തെത്തുമെന്നും നാട്ടുകാരനായ രാജേഷ് റാവത്ത് പറഞ്ഞു. ഈ സ്ഥലത്തിന്‍റെ രക്ഷകനാണ് ബൗഖ് നാഗ്. പ്രാര്‍ത്ഥനയ്ക്ക് പുറമെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേണ്ട സഹായവും നാട്ടുകാര്‍ ചെയ്യുന്നുണ്ട്. തുരങ്കത്തിന്‍റെ നിര്‍മ്മാണത്തിന് വേണ്ടി ബാബബൗഖ് നാഗിന്‍റെ ക്ഷേത്രം തകര്‍ത്തിരുന്നു. ഇതാകാം ഇപ്പോഴത്തെ അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഉത്തരാഖണ്ഡ് ദൈവങ്ങളുടെ നാടാണെന്നും ഇവിടെ പാലമോ റോഡോ തുരങ്കമോ എന്ത് പണിയുമ്പോഴും ഒരു ചെറു ക്ഷേത്രം നിര്‍മ്മിക്കണമെന്ന ആചാരമുണ്ടെന്നും ക്ഷേത്രത്തിലെ പൂജാരി പറയുന്നു. ദൈവങ്ങളുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ പണി പൂര്‍ത്തീകരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം തുടര്‍ച്ചയായ യന്ത്രത്തകരാര്‍ രക്ഷാപ്രവര്‍ത്തനം അവതാളത്തിലാക്കിയതോടെ യന്ത്രങ്ങള്‍ ഇല്ലാതെ തന്നെ ഡ്രില്ലിംഗ് നടത്തുകയാണ്. കഴിഞ്ഞ ദിവസം ഡ്രില്ലിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ശക്തമായ ലോഹഭാഗത്തില്‍ തട്ടി ഓഗര്‍മെഷീന്‍റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. തുടര്‍ന്ന് മെഷീന്‍ നീക്കുകയും യന്ത്രസഹായമില്ലാതെ തന്നെ ഡ്രില്ലിംഗ് പുനരാരംഭിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. കടുത്ത തണുപ്പും രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഡ്രില്ലിംഗ് പാതയില്‍ തകര്‍ക്കാനാകാത്ത എന്തെങ്കിലും ലോഹവസ്തുക്കള്‍ ഉണ്ടോയെന്ന് ജിപിആര്‍ സംവിധാനത്തിലൂടെ നിരീക്ഷിക്കുന്നുണ്ട്.
തൊഴിലാളികളെ പുറത്തെത്തിച്ചാലുടന്‍ തന്നെ അവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി അപകടസ്ഥലം സന്ദര്‍ശിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് അമേരിക്കന്‍ ഓഗര്‍ മെഷീനുപയോഗിച്ച് ഡ്രില്ലിംഗ് ജോലികള്‍ പുനരാരംഭിച്ചത്. എന്നാല്‍ ഒരു മീറ്ററോളം എത്തിയപ്പോഴേക്കും പ്രവര്‍ത്തനം തടസപ്പെട്ടു. 800 മില്ലിമീറ്റര്‍ വ്യാസമുള്ള പൈപ്പുകള്‍ തൊഴിലാളികളുടെ അടുത്തെത്തിക്കാന്‍ ഇനി കേവലം മീറ്ററുകള്‍ മാത്രമേ ഉള്ളൂ എന്നാല്‍ പാതയിലെ ഇരുമ്പ്, സ്റ്റീല്‍ അവശിഷ്ടങ്ങളും മറ്റും ഇത് ദുഷ്ക്കരമാക്കുകയാണ്.
47 മീറ്റര്‍ ഡ്രില്ലിംഗ് പൂര്‍ത്തിയായതായി എന്‍എച്ച്ഐഡിസിഎല്‍ ജനറല്‍ മാനേജര്‍ കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു. പത്ത് മീറ്റര്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ.ദീപാവലി ദിവസമായ നവംബര്‍ പന്ത്രണ്ടിനാണ് തൊഴിലാളികള്‍ തുരങ്കത്തില്‍ കുടുങ്ങിയത്. ഉത്തരാഖണ്ഡിലെ ഛര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിലാണ് 41 തൊഴിലാളികള്‍ കുടുങ്ങിയിരിക്കുന്നത്. രാജ്യത്തെ പ്രധാന ദുരന്ത നിവാരണ ഏജന്‍സികളില്‍ നിന്നുള്ള വിദഗ്ദ്ധരും മറ്റ് രാജ്യങ്ങളിലെ വിദഗ്ദ്ധരും രക്ഷാപ്രവര്‍ത്തനത്തിനായി ഇവിടെ തമ്പടിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം എത്രയും പെട്ടെന്ന് ഫലം കാണുമെന്ന പ്രതീക്ഷയിലാണ് രാജ്യം