മുംബെെ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച എസ്.യു.വി കണ്ടെത്തി ഒരു മാസം പിന്നിടുമ്പോള്‍ കേസുമായി ബന്ധപ്പെട്ട 'അജ്ഞാത സ്ത്രീ'യെ തിരഞ്ഞ് എന്‍ഐഎ. പ്രധാന പ്രതി സച്ചിൻ വാസെക്കൊപ്പം മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലുണ്ടായിരുന്ന സ്ത്രീയെയാണ് അന്വേഷണ ഏജന്‍സി കണ്ടെത്താന്‍ ശ്രമിക്കുന്നത്.
'വ്യാഴായ്ചയാണ് വാസെയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക. ചില വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ഫെബ്രുവരി പകുതിയോടെ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും വാസെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ സമയം ചിലവഴിച്ചിട്ടുണ്ട്. അയാള്‍ക്ക് സമീപം ഒരു സ്ത്രീയെ കണ്ടെത്തിയത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്'. ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'അവരുടെ മുന്‍കാല ചരിത്രങ്ങള്‍ വ്യക്തമല്ല. ഗുജറാത്ത് സ്വദേശിയാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈ ക്രൈംബ്രാഞ്ചിലെ എലൈറ്റ് ക്രൈം ഇന്‍റലിജൻസ് യൂണിറ്റ് (സിഐയു) അന്വേഷിക്കുന്ന മറ്റ് കേസുകളിൽ അവർ ഉൾപ്പെട്ടിരിക്കാം' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഫെബ്രുവരി 16 മുതല്‍ക്ക് ഹോട്ടലിലേക്ക് പ്രവേശിക്കുന്ന സമയത്ത് വാസെയുടെ കെെവശമുണ്ടായിരുന്ന കറുത്ത അഞ്ചു ബാഗുകളെ പറ്റിയും സംഘം അന്വേഷണം നടത്തുന്നുണ്ട്. ബാഗുകൾ ഇപ്പോൾ എവിടെയാണെന്ന് അറിയില്ല. കണ്ടെത്തുന്നതിന്‍റെ ഭാഗമായി ഹോട്ടൽ ജീവനക്കാരെയും മറ്റുള്ളവരെയും ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.