ന്യൂഡൽഹി: മീഡിയ വൺ ചാനലിന്‍റെ വിലക്ക് സുപ്രീം കോടതി സ്റ്റേ ചെയ്‌തു. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയ വൺ സമർപ്പിച്ച ഹർജിയിൽലാണ് നിർണായക കോടതി വിധി. അടുത്ത ഉത്തരവ് വരെ പഴയ നിലയിൽ പ്രവർത്തനം തുടരാമെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് വിധി.
കേന്ദ്രത്തിന് രണ്ടാഴ്‌ചയ്ക്കകം കൗണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാം, നേരത്തെ സമർപ്പിച്ച രേഖകൾ പരാതിക്കാർക്ക് കൈമാറാവോ എന്നത് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാർച്ച് 26ന് മുമ്പ് ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. മീഡിയവൺ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈകോടതി വിധിക്കെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നൽകിയ ഹർജിക്ക് പുറമെ കേരള പത്രപ്രവർത്തക യൂണിയനുവേണ്ടി ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും ചാനലിലെ ജീവനക്കാർക്കു വേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
മീഡിയവൺ ചാനൽ ഉടമകളോ 320ലധികം വരുന്ന ജീവനക്കാരോ ഒരുഘട്ടത്തിലും രാജ്യദ്രോഹപ്രവർത്തനം നടത്തിയിട്ടില്ലെന്ന് മീഡിയ വണ്‍ നൽകിയ ഹർജിയിൽ പറയുന്നു. ആരോപണങ്ങൾക്ക് മറുപടി നൽകാൻ അവസരം നൽകാതെ തൊഴിൽ നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കെ.യു.ഡബ്ല്യു.ജെയും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ALSO READ 'ഹിജാബ് നിര്‍ബന്ധമല്ല'; വിലക്ക് ശരി വച്ച് കര്‍ണാടക ഹൈക്കോടതി