'സ്‌ത്രീകള്‍ക്ക് നേരെ നടന്നത് ക്രൂരതയല്ലാതെ മറ്റെന്ത്'; മണിപ്പൂര്‍ വിഷയത്തില്‍ 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി - മണിപ്പൂർ
ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് പദ്‌സാല്‍ഗിക്കര്‍, വിരമിച്ച മൂന്ന് വനിത ഹൈക്കോടതി ജഡ്‌ജിമാര്‍ ഉള്‍പ്പെടുന്ന സംഘം എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
ന്യൂഡല്‍ഹി : മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായി സ്‌ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ സമാനതകളില്ലാത്ത ക്രൂരതയാണെന്ന് സുപ്രീം കോടതി. രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവ് നല്‍കി. മുന്‍ ദേശീയ സുരക്ഷ ഉപദേഷ്‌ടാവും മഹാരാഷ്‌ട്ര മുന്‍ പൊലീസ് ഡയറക്‌ടര്‍ ജനറലുമായ ദത്താത്രയ് പദ്‌സാല്‍ഗിക്കര്‍, വിരമിച്ച മൂന്ന് വനിത ഹൈക്കോടതി ജഡ്‌ജിമാര്‍ അടങ്ങുന്ന ഉന്നതാധികാര സമിതി എന്നിവരാണ് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
മണിപ്പൂരിലെ സംഘര്‍ഷത്തിനിടെ ചില പൊലീസ് ഉദ്യോഗസ്ഥര്‍, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമായി ഒത്തുകളിച്ചെന്ന ആരോപണം അന്വേഷിക്കാന്‍ പദ്‌സല്‍ഗിക്കറിനോട് കോടതി ആവശ്യപ്പെട്ടു. അന്വേഷണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ സഹായം ഉറപ്പാക്കണമെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ, മണിപ്പൂരില്‍ രണ്ട് സ്‌ത്രീകളെ നഗ്‌നരാക്കി പൊതുമധ്യത്തില്‍ നടത്തുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌ത സംഭവത്തില്‍ 'സംഭവം വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നു' എന്ന് പരമോന്നത നീതിപീഠം പറയുകയുണ്ടായി. നടന്നത് കടുത്ത ഭരണഘടന ലംഘനവും അവകാശ ധ്വംസനവുമാണെന്നും കോടതി നിരീക്ഷിച്ചു. മണിപ്പൂരിലെ വര്‍ഗീയ സംഘര്‍ഷത്തിനിടെ സ്‌ത്രീകളെ ഗുരുതരമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയതില്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ച് ദുഃഖം രേഖപ്പെടുത്തി.
Also Read : Supreme Court On Manipur Video |ആ മൊഴി തല്‍ക്കാലം എടുക്കേണ്ട, സിബിഐയ്‌ക്ക് സുപ്രീം കോടതി നിര്‍ദേശം
സംഘര്‍ഷത്തില്‍ സ്‌ത്രീകളെ ആയുധമാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണഘടന മൂല്യങ്ങളായ അന്തസ്, വ്യക്തിസ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണ് നടന്നത് എന്നും ജസ്റ്റിസുമാരായ ജെപി പര്‍ദിവാല, മനോജ് മിശ്ര എന്നിവരും നിരീക്ഷിച്ചു.
പദ്‌സാല്‍ഗിക്കറിന്‍റെ ചുമതല: കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ സ്‌ത്രീകള്‍ക്കെതിരായ 12 അതിക്രമ കേസുകളില്‍ പദ്‌സാല്‍ഗിക്കര്‍ മേല്‍നോട്ടം വഹിക്കണം. അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്‌ത 6,500 ല്‍ അധികം എഫ്‌ആആറുകള്‍ അന്വേഷിക്കുന്നതിനായി മണിപ്പൂര്‍ സര്‍ക്കാര്‍ രൂപീകരിച്ച 42 പ്രത്യേക അന്വേഷണ സംഘത്തെ ഏകോപിപ്പിക്കണം.
വനിത ജഡ്‌ജിമാര്‍ ചെയ്യേണ്ടത് : സ്‌ത്രീകള്‍ക്കെതരായി ഉണ്ടായ മുഴുവന്‍ അതിക്രമങ്ങളുടെ സ്വഭാവം അന്വേഷിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം. അക്രമത്തിന്‍റെ ഇരയായവടെ സമുദായം പരിഗണിക്കാതെ പരിഹാര നടപടികള്‍ കൈക്കൊള്ളണം.
നിയമവാഴ്‌ച പുനഃസ്ഥാപിക്കാന്‍ അക്രമം അവസാനിപ്പിക്കണമെന്നും അക്രമം നടത്തുന്നവരെ നിയമം അനുശാസിക്കുന്ന നടപടി ക്രമങ്ങള്‍ക്ക് അനുസൃതമായി ശിക്ഷിക്കണമെന്നും അതുവഴി നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പാക്കണമെന്നും കോടതി നിരീക്ഷിച്ചു. മണിപ്പൂരിലെ അന്വേഷണ സംവിധാനം അന്വേഷണം നടത്തുന്നതില്‍ കാലതാമസം വരുത്തിയെന്ന് കോടതി വമര്‍ശിച്ചു. ഒക്‌ടോബര്‍ 13നാണ് കേസ് വീണ്ടും പരിഗണിക്കുക.