ബെംഗളുരു: ഐപിഎസ് ഉദ്യോഗസ്ഥരാകാനുള്ള രോഗബാധിതരായ രണ്ട് വിദ്യാർഥികളുടെ സ്വപ്‌നം സാക്ഷാത്‌കരിച്ച് ബെംഗളുരു സിറ്റി പൊലീസ്. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ മിഥിലേഷ്, മുഹമ്മദ് സൽമാൻ എന്നിവരാണ് ഒരു ദിവസത്തേക്ക് തങ്ങളുടെ ആഗ്രഹം പോലെ പൊലീസ് യൂണിഫോം അണിഞ്ഞത്. വ്യാഴാഴ്‌ചയാണ്(21.07.2022) ഇരുവർക്കും ഡിസിപിയുടെ വേഷമണിയാൻ അവസരം ലഭിച്ചത്.
ബൊമ്മനഹള്ളി സർക്കാർ സ്‌കൂളിലെ വിദ്യാർഥിയായ മിഥിലേഷ് അർബുദ ബാധിതനാണ്. കോട്ടയം സ്വദേശിയായ മുഹമ്മദ് സൽമാൻ തലസീമിയ ബാധിതനാണ്.
മേക്ക് എ വിഷ് ഫൗണ്ടേഷനും ബെംഗളൂരു സിറ്റി പൊലീസും ചേർന്നാണ് തങ്ങളുടെ സ്വപ്‌ന ജോലിയിൽ ഒരു ദിവസമെങ്കിലും പ്രവർത്തിക്കാൻ ഇരുവരെയും സഹായിച്ചത്. മേക്ക് എ വിഷ് ഫൗണ്ടേഷനാണ് ഇരുവർക്കുമുള്ള യൂണിഫോം നൽകിയത്. ഡിസിപി ഓഫിസിലെത്തിയ ഇരുവരെയും മറ്റ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി സ്വാഗതം ചെയ്‌തു.
ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ ഒരു ദിവസം ഓഫിസിൽ ചെയ്യുന്ന എല്ലാ കാര്യങ്ങളും ഇരുവർക്കും ചെയ്യാൻ അവസരം ലഭിച്ചു. ഡിസിപിയുടെ കസേരയിലിരുന്ന് വാക്കി ടോക്കിയിലൂടെ പൊലീസുകാർക്ക് നിർദേശം നൽകി. പൊലീസുകാരോടും മാധ്യമപ്രവർത്തകരോടും കുശലം പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമാക്കിയ സന്തോഷത്തിലാണ് മുഹമ്മദ് സൽമാനും മിഥിലേഷും ഡിസിപി ഓഫിസിൽ നിന്ന് മടങ്ങിയത്.