ചണ്ഡീഗഡ്: സ്റ്റീം സാങ്കേതികവിദ്യ ഉപയോഗിച്ച് വാഷിംഗ് മെഷീൻ നിർമിച്ച് ചണ്ഡീഗഡ് ആസ്ഥാനമായുള്ള '80 വാഷ്' സ്റ്റാർട്ടപ്പ്. ഡിറ്റർജന്‍റ് ഉപയോഗിക്കാതെ ഒരു കപ്പ് വെള്ളം കൊണ്ട് പെട്ടെന്ന് വസ്‌ത്രങ്ങൾ കഴുകുന്നു എന്നതാണ് ഈ വാഷിംഗ് മെഷീനിന്‍റെ പ്രത്യേകത. റൂബിൾ ഗുപ്‌ത, നിതിൻ കുമാർ സലൂജ, വരീന്ദർ സിംഗ് എന്നിവർ ചേർന്നാണ് '80 വാഷ്' ആരംഭിച്ചത്.
നൂതനമായ ആശയത്തിൽ രൂപകൽപ്പന ചെയ്‌ത വാഷിംഗ് മെഷീൻ വെള്ളം ലാഭിക്കുകയും സോപ്പ് പൊലെയുള്ള രാസവസ്‌തുക്കളുടെ ഉപയോഗം കുറക്കുകയും ചെയ്യുന്നു. സ്റ്റീം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
കുറഞ്ഞ റേഡിയോ ഫ്രീക്വൻസിയുള്ള മൈക്രോവേവ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത് ബാക്‌ടീരിയകളെ കൊല്ലുന്നു. വസ്ത്രങ്ങൾ മാത്രമല്ല ലോഹ വസ്‌തുക്കളും പിപിഇ കിറ്റുകളും ഇവ വൃത്തിയാക്കുന്നു. നീരാവിയുടെ സഹായത്തോടെ വസ്ത്രങ്ങളിലെ പൊടി, അഴുക്ക് തുടങ്ങിയവയും നീക്കം ചെയ്യുന്നു.
ഏകദേശം 7-8 കിലോ ശേഷിയുള്ള ഈ യന്ത്രത്തിൽ ഒരേ സമയം അഞ്ച് വസ്‌ത്രങ്ങൾ കഴുകാൻ സാധിക്കും. എന്നാൽ, 70-80 കിലോ കപ്പാസിറ്റിയുള്ള വലിയ യന്ത്രത്തിന് ഒരേസമയം 50 വസ്ത്രങ്ങൾ കഴുകാം. ഇതിന് 5-6 ഗ്ലാസ് വെള്ളം ആവശ്യമാണ്.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ വാഷിംഗ് മെഷീൻ ഏഴ് ഇടങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. ഹോസ്റ്റൽ വിദ്യാർഥികൾക്ക് മാസം 200 രൂപ ഈടാക്കി വസ്ത്രങ്ങൾ അലക്കാനും അനുമതിയുണ്ട്.