നൈനിറ്റാൾ: തെരുവോരങ്ങളിൽ നിരത്തി വെച്ചിരിക്കുന്ന ഭക്ഷണങ്ങൾ എല്ലാ പ്രായക്കാർക്കും ഒരു വീക്ക്നെസ് ആണ്. നിറവും മണവും രുചിയും മാത്രമല്ല ചിലവും കുറവാണ് എന്നതാണ് സ്ട്രീറ്റ് ഫുഡിന്‍റെ പ്രത്യേകത. എന്നാൽ കൊവിഡ് വ്യാപനം സ്ട്രീറ്റ് ഫുഡ് ലവേഴ്സിന് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഭക്ഷണശാലകളൊക്കെയും തുറന്നെങ്കിലും കൊവിഡ് ഭയം പുറത്ത് നിന്നുള്ള ഭക്ഷണം വാങ്ങി കഴിക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നു. ഈ സമയത്താണ് വിൽപനക്കാരനും വാങ്ങുന്നയാളും തമ്മിൽ സാമൂഹിക അകലം പാലിച്ച് ആളുകൾ പാനിപൂരി കഴിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായത്. ഛത്തീസ്ഗഡിലെ റായ്പൂരിൽ നിന്നുള്ള പാനിപൂരി വെൻഡിങ് മെഷീൻ വീഡിയോ ആണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. പൂരിയിൽ നിറയ്ക്കേണ്ട പാനീയ മിശ്രിതങ്ങളെല്ലാം വെൻഡിങ് മെഷീനിലൂടെ നൽകുന്നതാണ് വീഡിയോയിലുള്ളത്.
ഛത്തീസ്ഗഡിലെ ഹരീഷ് മഹേശ്വരിയുടെ ഉടമസ്ഥതയിലുള്ള മഹേശ്വരി ചാട്ട് ഭണ്ഡാറിയാണ് ഈ പുതിയ കാഴ്ച. ഉപഭോക്താവിന് വേണ്ട പൂരി ഒരു പാത്രത്തിൽ കടക്കാരൻ നൽകും. വാങ്ങുന്നയാൾ വെൻഡിങ് മെഷീനിൽ വച്ചിരിക്കുന്ന ഓരോ പാനീയത്തിന് കീഴെയും പൂരി കാണിച്ച് മിശ്രിതം നിറയ്ക്കുന്നു. സെൻസറിലൂടെയാണ്, പൂരി പിടിക്കുമ്പോഴേക്കും പാനീയം വീഴുന്നത്. എന്തായാലും കൊവിഡ് കാലത്തെ നല്ലൊരു കണ്ടുപിടുത്തമാണ് ഇതെന്നാണ് ഭൂരിഭാഗം പേരും കമന്‍റ് ചെയ്യുന്നത്. പുതിയ സംവിധാനം സ്ഥാപിച്ചതോടെ പാനിപൂരി കഴിക്കാനെത്തുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായതായി കടക്കാരൻ പറയുന്നു.