ന്യൂഡല്‍ഹി: ഏറ്റവുമധികം സമ്മര്‍ദം അനുഭവിക്കുന്ന കാലഘട്ടമാണ് പരീക്ഷാദിവസങ്ങള്‍. അതില്‍ എട്ടാം ക്ലാസ് മുതല്‍ ബിരുദ കോഴ്‌സുകള്‍ വരെയാണ് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവുമധികം സമ്മര്‍ദമുണ്ടാകുന്ന കാലഘട്ടം. പഠിക്കുവാനുള്ള വിഷയങ്ങളിലെ എണ്ണത്തിലെ ഗണ്യമായ വര്‍ധനവ് തന്നെയാണ് ഇതിന് കാരണം.
ചില വിദ്യാര്‍ഥികള്‍ക്ക് ഇത്തരം സാഹചര്യത്തോട് നന്നായി തന്നെ പൊരുത്തപ്പെടുവാന്‍ സാധിക്കും. എന്നാല്‍, മറ്റ് ചില വിദ്യാര്‍ഥികള്‍ സമ്മര്‍ദത്തിലൂടെ കടന്നുപോകും. എന്നാല്‍, എന്തുകൊണ്ടാണ് ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്ക് മാത്രം ഇതിനോട് പൊരുത്തപ്പെടുവാന്‍ സാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഉറക്കത്തിന്‍റെ അനിവാര്യത: സമ്മര്‍ദം ഇല്ലാതെ പ്രയാസമേറിയ ഘട്ടങ്ങളെ അനായാസം കൈകാര്യം ചെയ്യാന്‍ ഏറ്റവും ആവശ്യമായ ഒന്നാണ് ഉറക്കം. നമ്മുടെ ആരോഗ്യത്തിന് അനുസരിച്ച് എത്ര നേരം ഉറങ്ങണമെന്നത് നമ്മള്‍ കണക്കു കൂട്ടാറില്ല. ചിലപ്പോള്‍ ഉറക്കമെന്നത് തന്നെ നമ്മള്‍ ആരും തന്നെ പരിഗണിക്കാറുമില്ല.
പരീക്ഷാക്കാലമാകുമ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികളിലും കണ്ട് വരുന്ന ഒരു പ്രവണതയാണ് ഉറക്കമൊഴിച്ചിരുന്ന് പഠിക്കുക എന്നത്. തലേദിവസം ഇങ്ങനെ പഠിച്ചാല്‍ മാത്രമെ വിദ്യാര്‍ഥികള്‍ക്ക് നല്ല മാര്‍ക്ക് നേടാനാകുവെന്ന തെറ്റായ ധാരണ പൊതുവെ ഉള്ളതാണ്. ചിലര്‍ പരീക്ഷയോട് അടുക്കുന്ന അവസാന സമയങ്ങളില്‍ പഠിക്കുന്നവരുമുണ്ട്.
നിങ്ങള്‍ ഇത്തരത്തില്‍ ഏത് വിഭാഗത്തില്‍പെടുന്നവരായാലും ഉറക്കം എന്നത് വളരെയധികം അനിവാര്യമായ കാര്യമാണ്. അത് പരീക്ഷയുടെ തലേദിവസം മാത്രമല്ല, പരീക്ഷയ്‌ക്ക് ഒരു മാസം മുമ്പ് തന്നെ കൃത്യസമയത്ത് തന്നെ ഉറങ്ങിയിരിക്കണം. കാരണം, കൃത്യമായ ഉറക്കം തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നുവെന്ന് നിരവധി പഠനങ്ങളില്‍ നിന്നും വ്യക്തമാണ്.
8-9 മണിക്കൂര്‍ വരെ ഉറക്കം: ഉറക്കത്തിന്‍റെ അളവ് എന്നത് ഒരു വ്യക്തിയുടെ പ്രായത്തെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കൊച്ചുകുട്ടികള്‍ക്ക് ദീര്‍ഘനേരം ഉറക്കം അനിവാര്യമാണ്. എന്നാല്‍, അല്ലാത്ത പ്രായത്തിലുള്ളവര്‍ ശരാശരി എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങിയാല്‍ മാത്രമെ ശരീരത്തിന് മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുവാന്‍ സാധിക്കുകയുള്ളു.
ശരീരത്തിന്‍റെ ഹോര്‍മോണുകള്‍ അതായത് രക്തത്തിലെ ഷുഗറിന്‍റെ അളവ്, ഇന്‍സുലിന്‍റെ അളവ്, കൊളസ്‌ട്രോള്‍, ലെപ്‌റ്റിന്‍, ഗ്രെലിൻ, ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് തുടങ്ങിയവ ക്രമീകരിക്കണമെങ്കില്‍ കൃത്യമായ ഉറക്കം അനിവാര്യമാണ്. ശരീരത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് ഹോര്‍മോണുകളും പ്രവര്‍ത്തനം കൃത്യമായി തന്നെ നടക്കണം. ഉറക്കക്കുറവ്, ലെപ്റ്റിൻ അല്ലെങ്കിൽ സാറ്റൈറ്റി ഹോർമോണിനെ അടിച്ചമർത്തുകയും വിശപ്പിന്‍റെ ഹോര്‍മോണായ ഗ്രെലിൻ സജീവമാക്കുകയും ചെയ്യുന്നു.
ഇതേതുടര്‍ന്ന് ഒരു വ്യക്തിയ്‌ക്ക് അമിതമായി വിശപ്പ് അനുഭവപ്പെടുകയും മധുരമുള്ളതും ഉപ്പ് കൂടിയതുമായ ഭക്ഷണം അമിതമായി കഴിക്കുന്നത് വഴി അമിത ഭാരത്തിനും കാരണമാകുന്നു. രക്തത്തിലെ ഷുഗറിന്‍റെ അളവ് കൃത്യമായി നിയന്ത്രിച്ചില്ല എങ്കില്‍ ഇന്‍സുലിന്‍റെ അളവ് വര്‍ധിക്കുവാന്‍ കാരണമാകുന്നു. ഇത് ചെറുപ്രായത്തില്‍ തന്നെ നിങ്ങളെ പ്രമേഹ രോഗിയാക്കുന്നു.
ഉറക്കക്കുറവ് മഹാ വിപത്തിന് കാരണമാകുന്നു: മാത്രമല്ല, ഉറക്കം ശരിയായ രീതിയില്‍ നടന്നില്ല എങ്കില്‍ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ അളവ് വര്‍ധിക്കുന്നു. ഇത് ശരീരത്തിന് വീക്കം വയ്‌ക്കുകയും തുടര്‍ച്ചയായി അണുബാധകള്‍ ഉണ്ടാകുവാനും കാരണമാകുന്നു. മാത്രമല്ല, രോഗപ്രതിരോധ ശേഷിയും കുറയ്‌ക്കുന്നു.
കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ വര്‍ധനവ് ഓര്‍മശക്തി കുറയുവാന്‍ കാരണമാകുന്നു. കൂടാതെ, സംശയം, കാര്യങ്ങള്‍ പെട്ടന്ന് മറക്കുക തുടങ്ങിയവയ്‌ക്കും കാരണമാകുന്നു. ഇവയെല്ലാം തന്നെ ആകുലത, അസ്വസ്‌തത, പേടി, സമ്മര്‍ദം തുടങ്ങിയ അവസ്ഥയിലേക്ക് നയിക്കുന്നു.
അതിനാല്‍ തന്നെ ശരിയായ ആരോഗ്യത്തിന് ഉറക്കം വളരെയധികം അനിവാര്യമാണ്. ശരിയായി ഉറങ്ങിയെങ്കില്‍ മാത്രമെ ശരീരത്തിലെ ഹോര്‍മോണ്‍, അവയവങ്ങള്‍ തുടങ്ങിയ ദോഷമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു. ശരിയായ ഉറക്കം നിങ്ങള്‍ക്ക് മാനസിക ആരോഗ്യവും, ശരിയായ വളര്‍ച്ചയും നേടുക വഴി ജീവിതത്തിന്‍റെ വെല്ലുവിളികളെ നേരിടുവാനും നിങ്ങളെ പ്രാപ്‌തരാക്കുന്നു.