മാണ്ഡ്യ: വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് സ്‌കൂൾ ഹെഡ്‌മാസ്റ്ററെ വിദ്യാർഥികൾ മർദിച്ചു. കർണാടകയിലെ മാണ്ഡ്യയിൽ ബുധനാഴ്‌ച (ഡിസംബർ 14) വൈകിട്ടാണ് സംഭവം. പെൺകുട്ടികളുടെ ഹോസ്റ്റൽ ചുമതല ലഭിച്ച ഹെഡ്‌മാസ്റ്റർ വൈകുന്നേരങ്ങളിൽ ഹോസ്റ്റലിലെത്തി വിദ്യാർഥികളോട് മോശമായി പെരുമാറുകയും അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കാറുണ്ടെന്നുമാണ് വിദ്യാർഥികളുടെ ആരോപണം.
ഹോസ്റ്റലിലെത്തിയ ശേഷം ഇയാൾ പെൺകുട്ടികളെ ഇയാളുടെ മുറിയിലേക്ക് വിളിച്ചുവരുത്തി ശല്യം ചെയ്യാറുണ്ടായിരുന്നുവെന്നും സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റിൽ മോശം സ്വഭാവമുണ്ടെന്ന് പരാമർശിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പറയുന്നു.
ബുധനാഴ്‌ച വൈകിട്ട് ഹോസ്റ്റലിലെത്തിയ ഹെഡ്‌മാസ്റ്റർ ഒരു പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ വിദ്യാർഥികൾ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ഹെഡ്‌മാസ്റ്ററെ ചൂലും വടിയും ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു.
തുടർന്ന് വിദ്യാർഥികൾ പൊലീസിൽ വിവരമറിയിച്ചു. കെആർഎസ് പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.