അമരാവതി: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. സ്വന്തം ഭർത്താക്കന്മാർ തന്നെയാണ് അവരെ കൊലപ്പെടുത്തിയതെന്ന ഞെട്ടിക്കുന്ന വാർത്തയാണ് അന്വേഷണത്തിൽ പുറത്തു വന്നത്. നന്നൂർ സ്വദേശിയായ കുറുവ ഗോഗണ്ണയുടെ മക്കളായ പദ്ദ രാമഗോവിന്ദുവിന്‍റെ ഭാര്യ രാമേശ്വരിയും ചിന രാമഗോവിന്ദുവിന്‍റെ ഭാര്യ രേണുകയുമാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് കൊല്ലപ്പെട്ടത്.
ഈ കുടുംബത്തിന് 30 ഏക്കർ ഭൂമിയുണ്ട്. ദേശീയപാതയോട് ചേർന്നുള്ള പത്ത് ഏക്കർ ഭൂമിക്ക് കോടികൾ വിലയുണ്ട്. രണ്ട് ആൺമക്കൾക്കും കുട്ടികളില്ലായിരുന്നു. അനന്തരാവകാശികൾ ഇല്ലെങ്കിൽ ഭാവിയിൽ സ്വത്തിന്‍റെ കാര്യത്തിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന് കരുതി തന്‍റെ രണ്ട് മരുമക്കളെ കൊന്ന് മക്കളെ വീണ്ടും വിവാഹം കഴിക്കാനുള്ള ഗോഗണ്ണയുടെ പദ്ധതിയായിരുന്നു കൊലപാതകം.
കൂടാതെ മരുമക്കൾ തന്നെ കൊല്ലുമോ എന്ന സംശയവും ഗോഗണ്ണക്കുണ്ടായിരുന്നതായി അയാൾ പറഞ്ഞു. തന്‍റെ രണ്ടു മക്കളും ചേർന്നാണ് മരുമക്കളെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ ചിന രാമ ഗോവിന്ദുവിന്‍റെ ചെരുപ്പ് സംഭവസ്ഥലത്ത് വീണ് പോയിരുന്നു. ഇതാണ് കേസിന് വഴിത്തിരിവായത്.
ചെരുപ്പ് കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് പ്രതികളെ പൊലീസ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയും ചെയ്‌തപ്പോഴാണ് കൊലപാതക വിവരം പുറത്തു വന്നത്. രണ്ട് കൊലപാതകങ്ങളെ തുടർന്ന് ഗ്രാമത്തിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. രാജേശ്വരിയുടെയും രേണുകയുടെയും മൃതദേഹങ്ങൾ വ്യാഴാഴ്‌ച രാത്രി ഗ്രാമത്തിലെത്തിച്ചു.
പ്രതിയുടെ വീട്ടിൽ തന്നെ മൃതദേഹങ്ങൾ സംസ്‌കരിക്കണമെന്ന ആവശ്യവുമായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നന്നൂരുള്ള വീട് വളഞ്ഞു. ഒടുവിൽ ഇവരുടെ കൃഷിയിടത്തിൽ തന്നെ അന്ത്യകർമ്മങ്ങൾ നടത്തുകയായിരുന്നു.