ബെംഗളൂരു: ഇത് സിറിൽ ലോപ്പസ്. കർണാടകയിലെ കുംത താലൂക്കിലെ അൽവേകോഡിലെ ദയാനിലയത്തിന്‍റെ സ്ഥാപകൻ. മാനസിക - ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികൾക്കായി യാതൊരു ലാഭേച്ഛയുമില്ലാതെ പ്രവർത്തിക്കുകയാണ് സിറിലും അദ്ദേഹത്തിന്‍റെ ദയാനിലയവും. തന്‍റെ പ്രായത്തിലുള്ളവർ സ്വന്തം നേട്ടങ്ങൾ മാത്രം തേടി പോകുമ്പോൾ സിറിൽ ഇത്തരക്കാരെ സേവിക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നു. കഴിഞ്ഞ പത്തുവർഷമായി അദ്ദേഹം ഈ രംഗത്ത് കര്‍മനിരതനാണ്.
സഹോദരൻ ജാക്കി ലോപ്പസിന്‍റെ വൈകല്യമാണ് സിറിൽ ലോപ്പസിന് ദയാനിലയം എന്ന സ്ഥാപനം തുടങ്ങാൻ പ്രചോദനമായത്. ബിരുദം പൂർത്തിയാക്കിയ ശേഷം ജോലിക്കായി വിദേശത്തേക്ക് പറന്നെങ്കിലും സഹോദരനെ ശുശ്രൂഷിക്കുന്നതിനായി സിറില്‍ തിരികെയെത്തി. സഹോദരനെ പരിപാലിക്കുന്നതിനിടയിലാണ് ഇത്തരത്തിലുള്ളവർക്കായി ഒരു സ്ഥാപനം എന്ന ആശയം സിറിലിന്‍റെ മനസിലുദിച്ചത്. തുടർന്ന് അദ്ദേഹം തന്‍റെ വീടിനെ ദയാനിലയമാക്കി മാറ്റുകയായിരുന്നു. ഇന്ന് ഈ സ്ഥാപനത്തിലൂടെ മാനസിക- ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യാശയായി മാറിയിരിക്കുകയാണ് ഈ യുവാവ്.
മാനസിക- ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ ജീവിതം പ്രകാശമയമാക്കുന്നതിനായി അവർക്കായി വിദ്യാഭ്യാസവും കലാ പരിശീലനവും ഇവിടെ നൽകിവരുന്നു. കൂടാതെ കുട്ടികളുടെ ശാരീരിക വികസനത്തിനായി കായികപ്രവർത്തനങ്ങളും, യോഗയും ഇവിടുത്തെ പാഠ്യവിഷയങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ കൂടാതെ മൃഗങ്ങൾക്കും ആശ്രയമാണിവിടം. പൂച്ചകൾ, പശു, ആമ, മത്സ്യം, മയിൽ തുടങ്ങി ഒട്ടനവധി മൃഗങ്ങളും കുട്ടികൾക്കൊപ്പം ദയാനിലയത്തിലുണ്ട്.
പ്രതീക്ഷ നഷ്ടപ്പെട്ട ഒരുകൂട്ടം കുട്ടികൾക്ക് മുന്നിൽ ദൈവദൂതനെപ്പോലെ പ്രതീക്ഷയുടെ കിരണവുമായി അവതരിച്ചിരിക്കുകയാണ് സിറിൽ ലോപ്പസ്. ഈ യുവാവിന്‍റെ നിസ്വാർഥ പ്രവർത്തനം ഏവര്‍ക്കും മാതൃകയാണ്.