ചെന്നൈ: കർഷകരുടെ പ്രതിഷേധത്തിനിടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് തമിഴ്‌നാട്ടിൽ സുരക്ഷ വർധിപ്പിച്ചു. സംയുക്ത കിസാൻ മോർച്ചയും മറ്റ് കർഷക സംഘടനകളും ട്രേഡ് യൂണിയനുകളും സാമൂഹിക സംഘടനകളും ജൂൺ 26 ന് രാജ്യമെമ്പാടുമുള്ള രാജ് ഭവനുകള്‍ക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തമിഴ്‌നാട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഈ പ്രക്ഷോഭങ്ങൾക്കിടെ അക്രമ സാധ്യതയെക്കുറിച്ച് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
സുരക്ഷ ഏറ്റെടുത്ത് പൊലീസ്
ഏജൻസികളുടെ റിപ്പോർട്ട് ഗൗരവമായി എടുത്ത് ചെന്നൈയിലെ രാജ്ഭവൻ, സംസ്ഥാനത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, കൂടങ്കുളം ന്യൂക്ലിയർ പവർ പ്ലാന്‍റ്, കൽപ്പാക്കത്തിലെ മദ്രാസ് അറ്റോമിക് പവർ പ്ലാന്റ് എന്നിവക്ക് തമിഴ്‌നാട് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എൽപിഎഫ്, എച്ച്എംഎസ് തുടങ്ങിയ ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി ഇതിനകം തന്നെ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ കർഷകർക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.
Read Also.......നയപ്രഖ്യാപനത്തോടെ തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന് തുടക്കം
അതേസമയം ചില ഐഎസ്‌ഐ പിന്തുണയുള്ള സംഘടനകൾ കർഷകരുടെ പ്രക്ഷോഭം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതിനാൽ സംസ്ഥാനം അതീവ ജാഗ്രത പുലര്‍ത്തുകയാണ്. തമിഴ്‌നാട് ഗവർണറുടെ വേനൽക്കാല വസതിയായ ഊട്ടിയിലെ ഉദാഗമണ്ഡലം, ചെന്നൈയിലെ രാജ്ഭവൻ എന്നിവയുടെ സുരക്ഷ ഇതിനോടകം തമിഴ്‌നാട് പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.
കേരളത്തിനും മുന്നറിയിപ്പ്
തമിഴ്‌നാട് ഇന്റലിജൻസ് കേരള രാജ്ഭവന് മുന്നറിയിപ്പ് നൽകുകയും സംശയാസ്പദമായ ആളുകളുടെയും സംഘടനകളുടെയും നീക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലെ പത്തനാപുരം, പത്തനംതിട്ട ജില്ലയിലെ അടൂർ എന്നിവിടങ്ങളിലെ വനമേഖലയോട് ചേർന്നുള്ള പ്രദേശത്ത് നിന്ന് അടുത്തിടെ ഉപയോഗിച്ച ജെലാറ്റിൻ സ്റ്റിക്കുകള്‍ കണ്ടെടുത്തതോടെ സംസ്ഥാന പൊലീസും ജാഗ്രതയിലാണ്. പങ്കെടുക്കുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി ഇതിനകം തന്നെ കർഷക ഗ്രൂപ്പുകളുമായും ട്രേഡ് യൂണിയനുകളുമായും ബന്ധപ്പെട്ടിരുന്നുവെന്ന് തമിഴ്‌നാട് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.