ചിക്കമംഗളൂരു : Karnataka Covid : കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി മാറി കർണാടകയിലെ സ്‌കൂളുകളും കോളജുകളും. ചിക്കമംഗളൂരു ജില്ലയിലെ റസിഡൻഷ്യൽ സ്‌കൂളിൽ ഇതിനകം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ ജില്ലയിലെ മറ്റൊരു സ്‌കൂളിലും വിദ്യാർഥികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്.
ചിക്കമംഗളൂരു ജില്ലയിലെ നരസിംഹരാജപൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ജീവന്‍ ജ്യോതി പ്രൈവറ്റ് സ്‌കൂളിലെ 10 വിദ്യാർഥികൾക്കും ഒരു അധ്യാപകനുമാണ് കൊവിഡ്. സ്‌കൂൾ ഒരാഴ്‌ചത്തേക്ക് അടച്ചുപൂട്ടാൻ ജില്ല കലക്‌ടര്‍ കെ.എം. രമേശ് ഉത്തരവിട്ടു. രോഗബാധിതരായ വിദ്യാര്‍ഥികളും അധ്യാപകരും വീടുകളിൽ ക്വാറന്‍റൈനിലാണ്.
ALSO READ: പോത്തൻകോട് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു ; കാൽ അറുത്ത് റോഡിലെറിഞ്ഞു
ഹെൽത്ത് ഓഫിസർമാർ സ്‌കൂൾ സന്ദർശിച്ച് മറ്റ് വിദ്യാർഥികള്‍ക്കും ജീവനക്കാർക്കും കൊവിഡ് പരിശോധന നടത്താൻ നിർദേശം നൽകി. കഴിഞ്ഞ ആഴ്‌ച ചിക്കമംഗളൂരു ജില്ലയിലെ എൻആർ പുര താലൂക്കിലെ സീഗോഡുവിലുള്ള ജവഹർ നവോദയ വിദ്യാലയത്തിലെ 94 വിദ്യാർഥികളടക്കം 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെ സ്‌കൂളിൽ തന്നെ ക്വാറന്‍റൈൻ ചെയ്‌തു.