ന്യൂഡൽഹി: മഹാരാഷ്‌ട്ര മന്ത്രിയ്‌ക്കെതിരെയുള്ള അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി നിരസിച്ചു. സിബിഐ അന്വേഷണത്തിനായി പരംബീർ സിംഗ് ഹൈക്കോടതിയെ സമീപിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ് അഴിമതി നടത്തിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുംബൈ മുൻ പൊലീസ് മേധാവി പരംബീർ സിംഗ് നൽകിയ അപേക്ഷയാണ് നിരസിച്ചത്. തുടർന്ന് സിംഗ് സുപ്രീംകോടതിയിലുള്ള അപേക്ഷ പിൻവലിച്ചു.
അഴിമതി ആരോപണം വളരെ ഗുരുതരമാണെന്നും എന്തുകൊണ്ടാണ് നേരത്തെ തന്നെ ബോംബെ ഹൈക്കോടതിയെ സമീപിക്കാത്തതെന്നും സിംഗിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ രോഹത്‌ഗിയോട് സുപ്രീംകോടതി ചോദിച്ചു. ഉടൻ ബോംബെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരംബീർ സിംഗ്.