ഓരോ യാത്രയും ആരംഭിക്കുന്നത് അത് സന്തോഷത്തോടെ ലക്ഷ്യത്തിലെത്തി ചേരും എന്നുള്ള പ്രതീക്ഷയോടെയാണ്. പക്ഷെ അത്തരം യാത്രകളിലൊന്ന് ജീവിത യാത്രയുടെ തന്നെ അന്ത്യം കുറിക്കുന്ന ഒന്നായി മാറുന്ന ദുരന്തത്തോളം വലുതായി മറ്റെന്തുണ്ട്? രാജ്യത്ത് ലക്ഷകണക്കിന് കുടുംബങ്ങളെ റോഡ് അപകടങ്ങള്‍ താറുമാറാക്കിക്കൊണ്ടേയിരിക്കുന്നു എന്നതിനാൽ റോഡ് സുരക്ഷ ഇപ്പോഴും ഒരു മിഥ്യാധാരണയായി തന്നെ തുടരുകയാണ്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഈ പ്രവണതകളുടെ തുടര്‍ച്ചയെന്നോണം വിശാഖപട്ടണത്തിനടുത്ത് ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തത്. ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രമായ അറാകു താഴ്‌വരയില്‍ നിന്നും മടങ്ങി വരികയായിരുന്നു ആ ബസ്. തെലങ്കാനയില്‍ നിന്നുള്ളവരാണ് അപകടത്തിനിരയായവരെല്ലാം. ഇതിനു തൊട്ടു പിറകെ ആന്ധ്രയിലെ തന്നെ കുര്‍ണൂര്‍ ജില്ലയില്‍ മറ്റൊരു റോഡപകടത്തി 14 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ മാസം കര്‍ണ്ണാടകയില്‍ ഒരു റോഡ് അപകടത്തില്‍ 13 പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ റോഡരികില്‍ കിടന്നുറങ്ങിയിരുന്ന 15 തൊഴിലാളികള്‍ അതിവേഗത്തില്‍ പാഞ്ഞു വന്ന ഒരു വാഹനത്തിനടിയില്‍പ്പെട്ട് ചതഞ്ഞരഞ്ഞു. ഈ അപകടത്തിന്‍റെ ഞെട്ടലില്‍ നിന്നും രാജ്യം മുക്തമാകുന്നതിനു മുന്‍പ് പശ്ചിമ ബംഗാളിലുണ്ടായ അപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ഏറ്റവും ഒടുവില്‍ മധ്യ പ്രദേശില്‍ ഉണ്ടായ ബസപകടത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് അവസാനം കിട്ടിയ വാര്‍ത്ത. റോഡുകളില്‍ ദുരന്തം വിതയ്ക്കുന്ന അപകട യാത്രകള്‍ ഇങ്ങനെ അന്ത്യമില്ലാതെ തുടരുകയാണ്.
ശരാശരി ഒരു ദിവസം രാജ്യത്ത് 415 പേര്‍ വിവിധ റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ട് എന്നാണ് കണക്ക്. ഇത്തരം അപകടങ്ങളിലൂടെ പ്രതിവര്‍ഷം മൂന്നര ലക്ഷത്തോളം പേര്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരായി മാറുന്നുവെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ലോകത്തെ മൊത്തം വാഹനങ്ങളുടെ വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യയിലുള്ളത്. എന്നിട്ടും ലോകത്ത് മൊത്തത്തില്‍ നടക്കുന്ന റോഡപകടങ്ങളുടെ ആറ് ശതമാനവും ഇന്ത്യയിലാണ് സംഭവിക്കുന്നത്. ലോകത്താകമാനം സംഭവിക്കുന്ന റോഡപകട മരണങ്ങളുടെ 11 ശതമാനവും ഇന്ത്യയിലാണുണ്ടാകുന്നത്.
റോഡപകടങ്ങളുടെ കാര്യത്തില്‍ ഇന്ത്യയും ജപ്പാനും ഏതാണ്ട് ഒരേ പാതയിലൂടേയാണ് സഞ്ചരിക്കുന്നത്. എന്നാല്‍ പ്രതിവര്‍ഷം റോഡപകടങ്ങളില്‍ ജപ്പാനില്‍ 5000-ത്തില്‍ കുറവ് ആളുകള്‍ മാത്രമാണ് മരിക്കുന്നത്. ഇതിനു വിരുദ്ധമായി ഓരോ വര്‍ഷവും ഇന്ത്യയിലെ റോഡപകടങ്ങളില്‍ മരിക്കുന്നത് ഒന്നര ലക്ഷത്തിലധികം ആളുകളാണ്. നമ്മുടെ രാജ്യത്ത് റോഡ് സുരക്ഷാ വാരങ്ങള്‍ ആചരിക്കുന്നത് 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ്. എന്നാല്‍ ഈ കാലയളവിനുള്ളില്‍ റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിച്ചു എന്ന വസ്തുത ജനങ്ങളുടെ ജീവനു മേൽ വലിയ ഭീക്ഷണിയാണ് ഉയർത്തുന്നത്. കൊവിഡ് മഹാമാരിയേക്കാള്‍ അത്യധികം അപകടകരമാണ് റോഡ് അപകടങ്ങള്‍ എന്ന് കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരം ഒരു സ്ഥിതി വിശേഷത്തില്‍ നിന്നും രാജ്യത്തെ കരകയറ്റുന്നതിനു വേണ്ട നടപടികള്‍ എന്തെങ്കിലും അവര്‍ കൈകൊണ്ടിട്ടുണ്ടോ?
2011-നും 2020-നും ഇടയിലുള്ള കാലയളവിലെ റോഡപകടങ്ങളെ കുറക്കുന്നതിന് ഐക്യരാഷ്ട്ര സംഘടന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ ലോകത്താകമാനം റോഡപകടങ്ങളില്‍ ജീവാപായം സംഭവിക്കുവാന്‍ സാധ്യതയുള്ള 50 ലക്ഷം പേരെയെങ്കിലും അതില്‍ നിന്നും രക്ഷിച്ചെടുക്കുക എന്നുള്ളതായിരുന്നു ലക്ഷ്യം. 2015-ലെ ബ്രസീലിയ പ്രഖ്യാപനത്തിൽ 2020-ഓടു കൂടി റോഡപകടങ്ങളില്‍ സംഭവിക്കുന്ന മരണ നിരക്ക് 50 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. പക്ഷെ ആ ലക്ഷ്യം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. 13 ലക്ഷം പേരാണ് ഈ കാലയളവില്‍ രാജ്യത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടത്. മാത്രമല്ല, 50 ലക്ഷം പേര്‍ അതേ കാലയളവിലെ അപകടങ്ങളില്‍പ്പെട്ട് പരുക്കുകളോടെ ജീവിക്കുന്നത്.
ഈ അപകട മരണങ്ങളില്‍ 61 ശതമാനത്തിലധികവും ദേശീയ പാതകളിലും സംസ്ഥാന പാതകളിലുമാണ് സംഭവിക്കുന്നത്. ഇത് രാജ്യത്ത് സംഭവിക്കുന്ന റോഡപകട മരണങ്ങളുടെ അഞ്ച് ശതമാനത്തില്‍ താഴെ വരും. റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നവരില്‍ 70 ശതമാനത്തിലധികവും 18 വയസിനും 45 വയസിനും ഇടയിൽ ഉള്ളവരാണ്. ഇന്ത്യന്‍ സമൂഹത്തില്‍ റോഡപകടങ്ങള്‍ സൃഷ്ടിക്കുന്ന പ്രഭാവം വിലയിരുത്തുവാന്‍ ലോകബാങ്ക് ഒരു പഠനം നടത്തുകയുണ്ടായി. റോഡപകടങ്ങള്‍ മൂലം 75 ശതമാനം ദരിദ്ര കുടുംബങ്ങള്‍ തങ്ങളുടെ വരുമാനം പൂർണമായും നഷ്ടപ്പെട്ടവരായി മാറിയെന്ന ദുരന്ത ചിത്രമാണ് പ്രസ്തുത പഠനം വരച്ചു കാട്ടുന്നത്. രാജ്യത്തിന്‍റെ ജിഡിപിക്ക് ഏതാണ്ട് ഏഴ് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ റോഡപകടങ്ങള്‍ മൂലം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഇനിയും ഇത് നിസാരമായി കരുതി തള്ളി കളയാന്‍ പാടില്ല.
സാങ്കേതികവിദ്യയുടെ ഉപയോഗം, ബോധവല്‍ക്കരണം പ്രോത്സാഹിപ്പിക്കല്‍, നിയമ, അടിയന്തിര സുരക്ഷാ നടപടികള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്തല്‍ എന്നിങ്ങനെയുള്ള നടപടികള്‍ എടുക്കാത്തിടത്തോളം കാലം ഇക്കാര്യത്തില്‍ ആശ്വാസകരമായ ഫലം ഒരിക്കലും ലഭിക്കില്ല എന്നുള്ളതാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇത്തരം റോഡപകട പ്രവണതകളുടെ പിറകിലെ കാരണം അമിത വേഗതയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഡ്രൈവര്‍മാര്‍ക്കിടയില്‍ ശാസ്ത്രീയമായ അവബോധം പ്രോത്സാഹിപ്പിക്കല്‍, റോഡുകളിലെ അപകടകരമായ വളവുകള്‍ നികത്തല്‍ എന്നിങ്ങനെയുള്ള നടപടികള്‍ അടിയന്തിരമായി തന്നെ കൈകൊള്ളേണ്ടതുണ്ട്. ദേശീയ പാതകള്‍ക്കരികില്‍ പ്രവര്‍ത്തിക്കുന്ന മദ്യ കടകള്‍ അടച്ചു പൂട്ടേണ്ടതും അതിപ്രധാനമായ നടപടിയാണ്.
സര്‍ക്കാരിന്‍റേയും പൗരന്മാരുടേയും പൗര സമൂഹങ്ങളുടേയും ഏകോപിതമായ ശ്രമങ്ങളിലൂടെ റോഡ് സുരക്ഷയെ ഒരു സാമൂഹിക ഉത്തരവാദിത്തമാക്കി മാറ്റിയാല്‍ മാത്രമേ നമ്മുടെ രാജ്യത്ത് സുരക്ഷിതമായ യാത്ര സാധ്യമാകുകയുള്ളൂ.