ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനമായി കുറഞ്ഞതായി കണക്കുകൾ. തുടർച്ചയായി കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചതാണ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ സഹായിച്ചതെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ 81,473 സാമ്പിളുകളാണ് ഡൽഹിയിൽ പരിശോധിച്ചത്. ഇതിൽ 3,149 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4,916 പേരാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് മുക്തരായത്. 77 മരണങ്ങളാണ് ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 5,89,544 പേർക്ക് ഇതുവരെ ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 9,574 കൊവിഡ് മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കണ്ടയ്‌ൻമെന്‍റ് സോണുകളുടെ എണ്ണം 6,045 ആയി ഉയർന്നിട്ടുമുണ്ട്.
നവംബറിലെ കൊവിഡിന്‍റെ മൂന്നാം തരംഗത്തിന് ശേഷം ഡിസംബർ ആദ്യ ആഴ്‌ചയോടെ തന്നെ രാജ്യ തലസ്ഥാനത്തെ ദിവസേനയുള്ള കേസുകളുടെ എണ്ണവും പോസിറ്റിവിറ്റി നിരക്കും ഗണ്യമായി കുറഞ്ഞത് ഡൽഹിക്ക് ആശ്വാസമായി. എന്നിരുന്നാലും ഉയർന്ന മരണനിരക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയർത്തുന്നത്. നവംബറിൽ മാത്രം 2,663 മരണങ്ങളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്.