ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ സസ്പെന്‍ഡ് ചെയ്തു. സഭയില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് നടപടി(Rajya Sabha mp Derek O'Brien suspended by chairman jagdeep dhankar).
കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലുണ്ടായ സുരക്ഷാവീഴ്ചയില്‍ പ്രതികരിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി('misconduct' for rest period of Winter Session). നേരത്തെ രാജ്യസഭ സമ്മേളിച്ചപ്പോള്‍ ഡെറിക് ഒബ്രിയാന്‍ സഭയില്‍ ഹാജരാകുകയും പാര്‍ലമെന്‍റിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് പ്രതിപക്ഷ എംപിമാരോടൊപ്പം ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സഭ ബഹളത്തിലേക്ക് നീങ്ങി. പിന്നീട് ഒബ്രിയാന്‍ നടുത്തളത്തിലിറങ്ങിയതാണ് രാജ്യസഭാ ചെയര്‍മാനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ പേര് വിളിച്ച് സഭയ്ക്ക് പുറത്ത് പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓഗസ്റ്റിലും ഇദ്ദേഹം ഒരു സസ്പെന്‍ഷന്‍ നേരിട്ടിരുന്നു(TMC MP earlier in August faced suspension).
ലോക്സഭയ്ക്കുള്ളില്‍ രണ്ട് അക്രമികള്‍ പുകയാക്രമണം നടത്തിയതില്‍ ചര്‍ച്ച ആവശ്യപ്പെട്ടായിരുന്നു ഒബ്രയന്‍ നടുത്തളത്തിലിറങ്ങിയത്. പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ 22ാം വാര്‍ഷികമായ ഇന്നലെയാണ് ആറുപേരടങ്ങുന്ന സംഘം പാര്‍ലമെന്‍റ് വളപ്പില്‍ അതിക്രമിച്ച് കടക്കുകയും രണ്ട്പേര്‍ ലോക്സഭയ്ക്കുള്ളില്‍ പുകയാക്രമണം നടത്തുകയും ചെയ്തത്. ഇവരില്‍ നാലുപേരെ സംഭവ സ്ഥലത്ത് വച്ചും ഒരാളെ പിന്നീടും പൊലീസ് പിടികൂടിയിരുന്നു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
സുരക്ഷാ വീഴ്ചയില്‍ പ്രതിപക്ഷം ജെപിസി അന്വേഷണം ആവശ്യപ്പെടും. ആക്രമണത്തിന്‍റെ ബുദ്ധികേന്ദ്രം അറസ്റ്റിലായ ഡി മനോരഞ്ജനാണെന്നും ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും സ്കൂള്‍ അധ്യാപകനായ ലളിത് ഝായ്ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇയാളാണെന്നും ഡല്‍ഹി പൊലീസ് വെളിപ്പെടുത്തി. നക്സല്‍ ഗ്രൂപ്പുകളുടെ രീതി അവലംബിച്ചാണ് ഇയാള്‍ പ്രവര്‍ത്തിച്ചതെന്നും പൊലീസ് പറയുന്നു.
ബിജെപി എംപി പ്രതാപ് സിംഹയ്ക്കെതിരെ നടപടി വേണമെന്ന് പാര്‍ലമെന്‍റിന് പുറത്ത് തൃണമൂല്‍ എംപി ഡോള സെന്‍ ആവശ്യപ്പെട്ടു. പിടിയിലായ മനോരഞ്ജന് പാര്‍ലമെന്‍റില്‍ കടക്കാന്‍ സഹായിച്ചത് ഇദ്ദേഹമാണെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം. എത്തിക്സ് കമ്മിറ്റി എന്ത് കൊണ്ടാണ് വിഷയത്തില്‍ മൗനം പാലിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രതാപ് സിംഹയെ എന്ത് കൊണ്ട് പുറത്താക്കുന്നില്ല. പാര്‍ലമെന്‍റിലെ സുരക്ഷ ഇതാണെങ്കില്‍ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എന്താണെന്ന് തങ്ങള്‍ക്കറിയണം. ആഭ്യന്തരമന്ത്രി പ്രസ്താവന നടത്താന്‍ പോലും തയാറാകുന്നില്ല. കൃത്യമായ അന്വേഷണമാണ് ടിഎംസി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കഴിഞ്ഞ ദിവസമുണ്ടായ സുരക്ഷാവീഴ്ചയില്‍ ലോക്സഭാ സെക്രട്ടറിയേറ്റ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. 2001 ഭീകരാക്രമണത്തിന്‍റെ വാര്‍ഷിക ദിനത്തിലാണ് ഈ സംഭവം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്. സാഗര്‍ശര്‍മ്മ, മനോരഞ്ജന്‍ എന്നിവര്‍ ലോക്സഭ തളത്തിലേക്ക് സന്ദര്‍ശക ഗാലറിയില്‍ നിന്ന് ചാടുക ആയിരുന്നു. ശൂന്യ വേളയിലാണ് സംഭവം. തുടര്‍ന്ന് മഞ്ഞ വാതകം പ്രയോഗിക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോഡി വിഷയത്തില്‍ ഇന്ന് മുതിര്‍ന്ന മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇരുസഭകളിലും പ്രസ്താവന നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.
പാര്‍ലമെന്‍റിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണ സമിതി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വീഴ്ച കണ്ടെത്തിയാല്‍ നടപടിയുണ്ടാകും. സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.