ജയ്പൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് തിങ്കളാഴ്ച മുതൽ മെയ് മൂന്ന് വരെ സംസ്ഥാനത്തെ ഓഫിസുകളും മാർക്കറ്റുകളും അടച്ചിടാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു. അവശ്യ സേവനങ്ങൾ ലഭ്യമാകുന്ന കടകളും ഓഫിസുകളും മാത്രം തുറന്ന് പ്രവർത്തിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അഭയ് കുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പഴങ്ങളുടെയും പച്ചക്കറികളുടെയും വിൽപ്പന രാത്രി ഏഴ് വരെ അനുവദിക്കും. രാജസ്ഥാനിലേക്ക് പ്രവേശിക്കുന്നവർ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കണം. രാവിലെ നാല് മുതൽ എട്ട് വരെ പത്ര വിതരണം അനുവദിക്കും. വിദ്യാഭ്യാസ, കോച്ചിങ് സ്ഥാപനങ്ങളും ഏപ്രിൽ 30 വരെ പ്രവർത്തിക്കില്ല. നേരത്തെ, ഏപ്രിൽ 16 മുതൽ സർക്കാർ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
സ്വകാര്യ ചടങ്ങുകൾ, വിവാഹങ്ങൾ, മറ്റ് സാമൂഹിക സമ്മേളനങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി പരിമിതപ്പെടുത്തി. ശവസംസ്കാര ചടങ്ങിൽ 20 ൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന് മുൻ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. സിനിമാ ഹാളുകൾ, മൾട്ടിപ്ലക്‌സുകൾ, അമ്യൂസ്‌മെന്‍റ്പാർക്കുകൾ എന്നിവ അടച്ചുപൂട്ടാനും സർക്കാർ ഉത്തരവുണ്ട്.