ഹൈദരാബാദ്: ജീവിക്കാൻ വേണ്ടിയാണ്, പക്ഷേ ദിനവും രാജപ്പൻ പ്രകൃതിയോട് ചെയ്യുന്നത് വലിയൊരു പുണ്യമാണ്. ഒടുവില്‍ പ്രധാനമന്ത്രിയുടെ അഭിനന്ദനവും രാജപ്പനെ തേടിയെത്തിയിരിക്കുന്നു. കോട്ടയം കുമരകത്തുകാർക്ക് രാജപ്പനെ അറിയാം. ചെറുവള്ളത്തില്‍ കായലിലും ചെറു തോടുകളിലും സഞ്ചരിച്ച് പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നീക്കം ചെയ്യുന്ന രാജപ്പൻ ഒരു നാടിന് മുഴുവൻ സ്നേഹമുള്ള രാജുവാണ്. കുമരകം മഞ്ചാടിക്കരി സ്വദേശിയായ ഈ 67കാരനെ കുറിച്ച് കഴിഞ്ഞ ജൂലായ് 11ന് ഇടിവി ഭാരത് വാർത്ത നല്‍കിയിരുന്നു.
കഴിഞ്ഞ ജൂലായ് 11ന് ഇടിവി ഭാരത് നല്‍കിയ വാർത്ത
കുമരകത്തിന്‍റെ കായലോളപ്പരപ്പിൽ മാതൃകയായി രാജപ്പേട്ടൻ
ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാതിലാണ് രാജപ്പനെ കുറിച്ച് പരാമർശിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പറയുന്നത് ഇങ്ങനെ, " ഞാൻ കേരളത്തിലെ ഒരു വാർത്ത കണ്ടു. ഇത് നമ്മുടെ കടമ ബോധ്യപ്പെടുത്തുന്നതാണ്. കോട്ടയത്ത് എൻഎസ് രാജപ്പൻ എന്നൊരു വൃദ്ധനുണ്ട്. അദ്ദേഹത്തിന് നടക്കാൻ കഴിയില്ല. എന്നാലും വൃത്തിയോടുള്ള സമർപ്പണത്തിന് കുറവില്ല. അദ്ദേഹം കഴിഞ്ഞ കുറെ വർഷമായി തോണിയില്‍ കായലിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്യുകയും ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ചിന്ത എത്രത്തോളം ഉയർന്ന നിലയിലാണെന്ന് ആലോചിച്ച് നോക്കൂ. നമ്മളും രാജപ്പനില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് ശുചിത്വത്തിന് വേണ്ടി സാധ്യമാകുന്ന സംഭാവന നല്‍കണം" പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ജന്മനാ കാലുകൾക്ക് സ്വാധീനമില്ലാത്ത രാജപ്പൻ ചെറിയൊരു വരുമാനത്തിന് വേണ്ടി കൂടിയാണ് പ്ലാസ്റ്റിക്ക് ശേഖരിക്കാൻ കായലുകളിലേക്ക് ഇറങ്ങുന്നത്. വാടകയ്ക്കെടുത്ത ചെറുവള്ളത്തില്‍ കൈപ്പുഴയാർ, പെണ്ണാർ തോട്, വേമ്പനാട് കായല്‍ എന്നിവിടങ്ങളിലെല്ലാം രാജപ്പനെത്തും. ആറ് മാസം കൊണ്ട് കായലിന്‍റെ പല പ്രദേശങ്ങളും വൃത്തിയായതായി രാജപ്പൻ പറഞ്ഞിട്ടുണ്ട്. ഈ ജോലി തുടരുന്നതിനായി എഞ്ചിൻ ഘടിപ്പിച്ച വള്ളവും ചോർന്നൊലിക്കാത്ത വീടുമാണ് രാജപ്പന്‍റെ ആഗ്രഹമെന്ന് അന്ന് ഇടിവി ഭാരതിനോട് പറഞ്ഞിരുന്നു.