ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന കുടിവെള്ളത്തിന്‍റെ ഗുണനിലവാരത്തെ സംബന്ധിച്ച് തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെയോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. സെന്‍റര്‍ ഫോര്‍ പബ്ലിക് ഇന്‍ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന എന്‍ജിഒ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. കുടിവെള്ളത്തിന്‍റെ ഗുണനിലവാരത്തില്‍ റെയില്‍വെ അനാസ്ഥ കാണിക്കുന്നു, ക്ലോറിനേഷന്‍ പ്ലാന്‍റുകള്‍ നിര്‍മിക്കാനുള്ള കരാറില്‍ ക്രമക്കേട് എന്നീ ആരോപണങ്ങള്‍ സംബന്ധിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് എന്‍ജിഒ കോടതിയെ സമര്‍പ്പിച്ചത്.
വിഷയത്തില്‍ റെയില്‍വെ അവസാനമായി നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഒക്ടോബര്‍ 2019ലാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രഹ്മണ്യ പ്രസാദും അടങ്ങിയ ബെഞ്ചിനെ അറിയിച്ചു. പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ആറാഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാനാണ് റെയില്‍വെയോട് ബെഞ്ച് ആവശ്യപ്പെട്ടത്. യാത്രക്കാര്‍ക്കായി ലഭ്യമാക്കുന്ന കുടിവെള്ളം മലിനമല്ലെന്ന് ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ റെയില്‍വെയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. യാത്രക്കാര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാതെ യാത്രാനിരക്ക് ഉയര്‍ത്തുന്ന ഇന്ത്യന്‍ റെയില്‍വെയുടെ നടപടിയേയും കോടതി ചോദ്യം ചെയ്‌തു.
യാത്രക്കാര്‍ക്കായി റെയില്‍വെ ലഭ്യമാക്കുന്ന വെള്ളത്തിന്‍റെ ഗുണനിലവാരത്തെ സംബന്ധിച്ച് റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഈ റിപ്പോര്‍ട്ട് റെയില്‍വെ മന്ത്രാലയത്തിനും സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കുടിവെള്ളത്തിന്‍റെ കാര്യത്തില്‍ ഇന്ത്യന്‍ റെയില്‍വെ ബിഐഎസ്(Bureau of Indian Standards) നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡമോ റെയില്‍വെയുടെ തന്നെ മെഡിക്കല്‍ മാന്വലോ പാലിക്കുന്നില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
സ്റ്റേഷനുകളിലും ട്രെയിനുകളിലും ലഭ്യമാകുന്ന വെള്ളത്തില്‍ മനുഷ്യന്‍റെ വിസര്‍ജ്യത്തിലും മറ്റും അടങ്ങിയിരിക്കുന്ന ഇ കോളി ബാക്‌റ്റീരിയ(e.coli bacteria) ഉണ്ടോ എന്നുള്ള പരിശോധന നടത്തുന്നില്ല. റെയില്‍വെയുടെ കോളനികളില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കും മലിനമായ ജലമാണ് ലഭ്യമാക്കുന്നത്. ക്ലോറിനേഷനിലൂടെ ജലം അണുവിമുക്തമാക്കുന്ന റെയില്‍വെയുടെ സംവിധാനം ഏറെക്കുറെ തകര്‍ന്ന നിലയിലാണെന്നും എന്‍ജിഒ കോടതിയെ അറിയിച്ചു.