ന്യൂഡല്‍ഹി : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്‌റ്റംബര്‍ ഏഴിന് തുടക്കമാകും. രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങി 3,571 കിലോമീറ്ററുകള്‍ താണ്ടി കശ്‌മീരില്‍ അവസാനിക്കും. ഏകദേശം 150 ദിവസങ്ങളിലായി 12 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 203 നിയമസഭ മണ്ഡലങ്ങളും 68 ലോക്‌സഭ മണ്ഡലങ്ങളും യാത്രയില്‍ പിന്നിടും.
തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി, പഞ്ചാബ്, ചണ്ഡിഗഡ്, ജമ്മു കശ്‌മീര്‍ എന്നിവിടങ്ങളിലൂടെയാണ് പദയാത്ര കടന്നുപോവുക. രാഹുല്‍ ഗാന്ധിക്ക് പുറമേ കോണ്‍ഗ്രസിന്‍റെ ദേശീയ നേതാക്കള്‍ ഉള്‍പ്പടെ 300 സ്ഥിരം അംഗങ്ങളാണ് പദയാത്രയില്‍ പങ്കെടുക്കുകയെന്നാണ് വിവരം.
കന്യാകുമാരിയില്‍ തുടക്കം : നേരത്ത ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തി ദിനത്തില്‍ പദയാത്രയ്ക്ക് തുടക്കം കുറിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സെപ്‌റ്റംബര്‍ ഏഴിന് ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് പിന്നീട് അറിയിക്കുകയായിരുന്നു. സാധാരണക്കാരന്‍റെ അവസ്ഥ പ്രദര്‍ശിപ്പിക്കുകയാണ് പദയാത്രയുടെ ആശയം. യാത്രയിലുടനീളം ജനങ്ങളോട് ഇടപഴകാന്‍ നേതാക്കള്‍ക്ക് അവസരം ലഭിക്കും.
ദേശീയതലത്തില്‍ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള വലിയ അവസരമായാണ് കോണ്‍ഗ്രസ് പദയാത്രയെ കാണുന്നത്. ദിഗ്‌വിജയ് സിങ്ങിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ഏകോപന സംഘമാണ് യാത്രയുമായി ബന്ധപ്പെട്ട പദ്ധതികള്‍ തയ്യാറാക്കുന്നത്. സെപ്‌റ്റംബര്‍ ഏഴിന് കന്യാകുമാരിയിൽ ഗംഭീര പരിപാടി സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പരിപാടിക്കായി വെബ്‌സൈറ്റും പ്രത്യേക ലോഗോയും : യാത്രയ്ക്ക് മുന്‍പായി ഓഗസ്റ്റ് 22ന് വിവിധ സാമൂഹിക, രാഷ്‌ട്രീയ നേതാക്കള്‍ ഒരുമിക്കുന്ന വേദിയില്‍ രാഹുൽ എത്തും. നൂറോളം പേര്‍ പങ്കെടുക്കുന്ന പരിപാടി ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലാണ് നടക്കുക. പദയാത്രയോട് അനുബന്ധിച്ച് കോണ്‍ഗ്രസ് നേരത്തെ വിവിധ പ്രതിപക്ഷ പാർട്ടികളോടും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടും പിന്തുണ തേടിയിരുന്നു.
ഇതിന്‍റെ ഭാഗമായാണ് ഓഗസ്റ്റ് 22ന് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് അറിയിച്ചു. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് പാര്‍ട്ടി ഒരു വെബ്‌സൈറ്റ് തയ്യാറാക്കുന്നുണ്ട്. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതിനായി പരിപാടിക്കായി ഒരു ലോഗോയും പുറത്തിറക്കും.
Read more: ഭാരത് ജോഡോ യാത്രയ്ക്ക് കേരളത്തില്‍ വിപുലമായ തയാറെടുപ്പുമായി കെപിസിസി
സെപ്‌റ്റംബർ 11ന് കേരളത്തില്‍ : സെപ്‌റ്റംബര്‍ 11നാണ് യാത്ര കേരളത്തിലെത്തുന്നത്. പാറശാലയില്‍ പ്രവേശിക്കുന്ന യാത്രയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനാണ് കെപിസിസി തീരുമാനിച്ചിരിക്കുന്നത്. സെപ്‌റ്റംബര്‍ 11 മുതല്‍ 30 വരെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലൂടെ പദയാത്ര കടന്നുപോകും. യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ച് ലക്ഷം പേരെ അണിനിരത്തി ഒരു മെഗാ റാലി തൃശൂരില്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ബിജെപിയുടെ വിഭജന രാഷ്‌ട്രീയത്തിനെതിരെ സംഘടിപ്പിക്കുന്ന പരിപാടിയായാണ് കോൺഗ്രസ് പദയാത്ര ആസൂത്രണം ചെയ്യുന്നതെങ്കിലും പ്രതിപക്ഷ പാർട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പാര്‍ട്ടി ഒരുങ്ങുന്നതായാണ് വിവരം. മെയ് മാസത്തിൽ രാജസ്ഥാനിലെ ഉദയ്‌പൂരില്‍ നടന്ന ചിന്തൻ ശിബിരത്തിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സംഘടന സംവിധാനം ശക്‌തിപ്പെടുത്തുന്നതിനുമായി പദയാത്ര സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പ്രഖ്യാപിച്ചത്.