ഭുവനേശ്വർ: പുരി അന്താരാഷ്ട്ര വിമാനത്താവളത്തിനായി സിപസരുബാലിയിൽ 1000 ഏക്കർ സ്ഥലം കണ്ടെത്തിയതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒഡീഷ സർക്കാരുമായി ചർച്ച നടത്തിയതായി വൃത്തങ്ങൾ അറിയിച്ചു. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആറ് അംഗ സാങ്കേതിക സംഘം ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.
പ്രധാനമന്ത്രിക്ക് കത്ത്
പുരിയിൽ ജഗന്നാഥന്‍റെ പേരിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി നവീൻ പട്നായിക് ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു. ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്താവളം സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി സജ്ജമാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ വിശദീകരിച്ചിരുന്നു. നിർദ്ദിഷ്ട വിമാനത്താവളം മുൻഗണനാ പദ്ധതിയായി ഏറ്റെടുക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
പുരി വിമാനത്താവളത്തിന്‍റെ ആവശ്യകത
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച കൊണാർക്കിലെ സൂര്യക്ഷേത്രം പുരിയിൽ നിന്ന് 35 കിലോമീറ്റർ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുള്ള രാമചണ്ടി-ചന്ദ്രഭാഗ ബീച്ചുകൾ ദേശീയ അന്തർദേശീയ വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.
Read More:പുരിയിൽ വിമാനത്താവളം; പ്രധാനമന്ത്രിയ്ക്ക് ശുപാർശ കത്തയച്ച് നവീൻ പട്നായിക്
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ലോകപ്രശസ്ത പരിപാടിയാണ് പുരിയിലെ രഥയാത്ര. 192 രാജ്യങ്ങളിൽ രഥോത്സവം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ജഗന്നാഥ ഭക്തരെ പുരിയിലേക്ക് കൊണ്ടുവരാൻ നിർദ്ദിഷ്ട വിമാനത്താവളം സഹായിക്കുമെന്നും ഇത് ലോകമെങ്ങും ജഗന്നാഥ സംസ്കാരം വളർത്താൻ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.