ഹൈദരാബാദ്: വടക്കേ ഇന്ത്യക്ക് പുറമെ തെക്കേ ഇന്ത്യയിലേക്കും കത്തിപ്പടർന്ന് അഗ്നിപഥ് പ്രതിഷേധം. തെലങ്കാനയിലെ സെക്കന്ദരാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. നിർമൽ ജില്ലയിൽ നിന്നുള്ള ദാമോദർ ഖുറേഷിയയാണ് മരിച്ചത്.
എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്രതിഷേധം കനത്ത സെക്കന്ദരാബാദില്‍ സമരക്കാർ റെയിൽവേ ട്രാക്കിന് തീയിട്ടു. കൊൽക്കത്തയിലേക്ക് പോകുന്ന ഈസ്റ്റ് കോസ്റ്റ് ട്രെയിനിൽ വന്ന പാഴ്‌സലുകളും പ്രതിഷേധക്കാർ കത്തിച്ചു. സ്‌റ്റേഷനിലെ സ്റ്റാളുകള്‍ക്ക് തീയിട്ട സമരാനുകൂലികള്‍ പുറത്തിരുന്ന ബൈക്കുകളും അഗ്നിക്കിരയാക്കി.
നിരവധി ബസുകളും സമരക്കാർ തകർത്തു. പൊലീസിനും യാത്രക്കാർക്കും നേരെ കല്ലേറുണ്ടായി. അക്രമ സംഭവങ്ങള്‍ രൂക്ഷമായതോടെ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും പൊലീസ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. നാംപള്ളി (ഹൈദരാബാദ് സെൻട്രല്‍), കാച്ചിഗുഡ, കാസിപ്പേട്ട്, ജങ്കാവ്, ഡോർണക്കൽ, മഹബൂബാദ്, വാറങ്കൽ റെയിൽവേ സ്റ്റേഷനുകളിൽ സുരക്ഷ ശക്തമാക്കാൻ റെയിൽവേ, സിവിൽ പൊലീസ് എന്നിവരെ വിന്യസിച്ചു.
നാംപള്ളി (ഹൈദരാബാദ് സെൻട്രല്‍) റെയിൽവേ സ്‌റ്റേഷനിൽ നിലവിൽ യാത്രക്കാർക്ക് പ്രവേശനമില്ല. സെക്കന്ദരാബാദ്-ധൻപൂർ, ഹൈദരാബാദ്-ഷാലിമർ ഈസ്റ്റ് കോസ്റ്റ് ട്രെയിനുകളും ആറ് എംഎംടിഎസ് സർവീസുകളും റെയിൽവേ റദ്ദാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹൈദരാബാദില്‍ മെട്രോ ട്രെയിൻ സർവീസും നിർത്തി വച്ചിരിക്കുകയാണ്.