ന്യൂഡൽഹി : കോൺഗ്രസിന്‍റെ കടിഞ്ഞാൺ പുതിയ പ്രസിഡന്‍റിന് കൈമാറിയ ശേഷം രാജീവ് ഗാന്ധിയുടെ ഫോട്ടോയുമായി നിൽക്കുന്ന സോണിയ ഗാന്ധിയുടെ ചിത്രം ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച് പ്രിയങ്ക ഗാന്ധി. 'ലോകം എന്ത് പറഞ്ഞാലും വിചാരിച്ചാലും എനിക്കറിയാം, നിങ്ങൾ ഇതെല്ലാം സ്നേഹത്തിനായാണ് ചെയ്‌തത്. അമ്മയിൽ ഞാൻ അഭിമാനിക്കുന്നു' - എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്.
24 വർഷത്തിനിപ്പുറം ഇതാദ്യമായി ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങിലാണ് സോണിയയ്ക്ക് രാജീവിന്‍റെ ചിത്രം സമ്മാനിക്കപ്പെട്ടത്. പദവിയേറ്റ മല്ലികാർജുൻ ഖാർഗെയാണ് രാജീവ് ഗാന്ധിയുടെ ഫ്രെയിം ചെയ്‌ത ഫോട്ടോ എഐസിസി ആസ്ഥാനത്തുവച്ച് സോണിയ ഗാന്ധിക്ക് നല്‍കിയത്. ഏതാണ്ട് 20 വർഷത്തോളം പാർട്ടിയെ നയിച്ച സോണിയ ഗാന്ധി തന്‍റെ ഭർത്താവിന്‍റെ ചിത്രം ഉയർത്തിപ്പിടിച്ചപ്പോൾ ഒത്തുകൂടിയവര്‍ ഒന്നടങ്കം കയ്യടിച്ചു.
പരിപാടിയിൽ കോൺഗ്രസ് നേതാവ് അജയ് മാക്കൻ വായിച്ച നന്ദി പ്രസ്‌താവനയിൽ രാജ്യത്തോടുള്ള അഗാധമായ സ്‌നേഹത്തിൽ നിന്നാണ് സോണിയ ഗാന്ധി രാഷ്‌ട്രീയ പ്രചോദനം നേടിയതെന്നും അതേ സ്‌നേഹവും വിശ്വാസവും ജനങ്ങൾ അവർക്ക് തിരികെ നൽകിയിട്ടുണ്ടെന്നും പ്രസ്താവിച്ചിരുന്നു. സമയോചിതമായ ഇടപെടലിലൂടെ പാർട്ടിയുടെ രാഷ്‌ട്രീയം കാലത്തിന്‍റെ ആവശ്യത്തിനനുസരിച്ച് പ്രസക്തവും വഴക്കമുള്ളതുമാക്കി മാറ്റുകയും അവശ്യഘട്ടങ്ങളിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്‌ത് സംഘടനയുടെ ഭാവിക്ക് അടിത്തറ പാകാൻ സോണിയയ്‌ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മാക്കന്‍ കൂട്ടിച്ചേർത്തു.
പാർട്ടിയിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്‍റായിരുന്ന വ്യക്തിയാണ് സോണിയ ഗാന്ധി. ഇറ്റലിയിൽ നിന്നുള്ള അന്‍റോണിയ മിനോയെ 1968 ലാണ് രാജീവ് ഗാന്ധി വിവാഹം ചെയ്‌തത്. ഇന്ത്യയിൽ എത്തിയ ഇവർ പിന്നീട് സോണിയ ഗാന്ധി എന്ന് പേര് മാറ്റി.
1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരിൽ വച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. പിന്നീട് 1997ലാണ് സോണിയ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. 1998 മുതൽ 2017 വരെ തുടര്‍ച്ചയായി കോൺഗ്രസ് അധ്യക്ഷയായിരുന്നു. പിന്നീട് രാഹുല്‍ ഗാന്ധി രാജിവച്ച ശേഷം 2019 മുതൽ 2022 വരെ ഇടക്കാല അധ്യക്ഷയുമായി.